തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കിയതിനെതിരെ നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം പാസ്സായി. ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളം നടത്തി മുന്‍പരിചയമുള്ള സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സര്‍ക്കാരിന് വിട്ടുനല്‍കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പ്രമേയത്തില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എസ്പിവിക്ക് വിമാനത്താവളം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അദാനി എന്റര്‍പ്രൈസസ് നല്‍കിയ തുക നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടും അനുവദിച്ചില്ല. ഇത് കേരളത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാണ്.

വിമാനത്താവളം നടത്തിപ്പുമായി മുന്‍പരിചയമില്ലാത്ത സ്വകാര്യ കമ്പനിയെയാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് നടത്തിപ്പും മേല്‍നോട്ടവും ഏല്‍പ്പിച്ചത്. നിലവില്‍ സര്‍ക്കാര്‍ 250 കോടി രൂപ മതിപ്പു വിലയുള്ള 18 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.

2020 ഓഗസ്റ്റ് 19 ലെ കേന്ദ്രതീരുമാനം പുനഃപരിശോധിക്കണം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തമുള്ള എസ്പിവിക്ക് നല്‍കണമെന്ന് കേരള നിയമസഭ ഐകകണ്‌ഠ്യേന അഭ്യര്‍ത്ഥിക്കുന്നു എന്ന് പ്രമേയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരായ പ്രമേയത്തെ അനുകൂലിക്കുന്നതായി നിയമസഭയെ അറിയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കകുയാണ് ഈ വിഷയത്തില്‍ ചെയ്തത്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നത്. പുറത്ത് അദാനിയെ എതിര്‍ക്കുന്ന സര്‍ക്കാര്‍ രഹസ്യമായി പിന്തുണയ്ക്കുകയാണ് ചെയ്തത്. നടന്നത് ദുരൂഹമായ ഇടപാടാണ്. ക്രിമിനല്‍ ഗൂഡാലോചന നടന്നു. എന്തുകൊണ്ട് കണ്‍സള്‍ട്ടന്‍സി സിയാലിനെ ഏല്‍പ്പിച്ചില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിന് മറുപടി നല്‍കി. നിയമസഭയില്‍ ആരെയും പേടിക്കേണ്ട സാഹചര്യമില്ല. ആരെയും പേടിക്കാനല്ല സഭയില്‍ വരുന്നത്. പ്രതിപക്ഷത്തിന് വെപ്രാളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധരെ സമീപിച്ചത് നിയമപാണ്ഡിത്യം മാത്രം പരിഗണിച്ചാണ്. തുക ക്വോട്ട് ചെയ്തതില്‍ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനിക്ക് യാതൊരു പങ്കുമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.