ഇസ്താംബൂളിലെ ഹോളി സേവ്യർ ഓർത്തഡോക്സ് ദേവാലയം മുസ്ലീം പള്ളിയാക്കി മാറ്റിയതിൽ വ്യാപക പ്രതിഷേധം

ഇസ്താംബൂള്‍: തുര്‍ക്കിയിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയമായ ഇസ്താംബൂളിലെ കോറയിലുള്ള പ്രശസ്തമായ ഹോളി സേവ്യർ ഓർത്തഡോക്സ് ദേവാലയം മുസ്ലീം
പള്ളിയാക്കി മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു. ബൈസന്റൈന്‍ നിര്‍മ്മിതിയായ ദേവാലയം മുസ്ലീം പള്ളിയായി പരിവര്‍ത്തനം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ പ്രഖ്യാപനം നടത്തിയതിൻ്റെ പിന്നാലെ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവും പുറത്തിറക്കിയിരുന്നു

ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കി മാറ്റിയതിനെതിരേ ലോകമെങ്ങും പ്രതിഷേധം ഉയർന്നതിൻ്റെ പിന്നാലെയാണ് തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗൻ്റെ ഇപ്പോഴത്തെ എകപക്ഷീയ നടപടി.

ഹോളി സേവ്യർ ദേവാലയത്തിൻ്റെ നടത്തിപ്പ് ചുമതല റിലീജിയസ് അഫയേഴ്സിലേക്ക് മാറ്റുന്നുവെന്നും മോസ്ക് മുസ്ലീം ആരാധനക്കായി തുറക്കുന്നുവെന്നുമാണ് എര്‍ദോര്‍ഗൻ പ്രഖ്യാപിച്ചത്. ഹാഗിയ സോഫിയ ദേവാലയം മോസ്കാക്കി പരിവർത്തനം ചെയ്തപ്പോൾ ഹോളി സേവ്യര്‍ ദേവാലയവും മോസ്കാക്കി മാറ്റുമെന്നു വാർത്തകളുണ്ടായിരുന്നു.

കോണ്‍സ്റ്റാന്റിനോപ്പിളിലെ പുരാതന നഗര മതിലിന് സമീപം പതിനാലാം നൂറ്റാണ്ടിലാണ് ഹോളി സേവ്യര്‍ ദേവാലയം പണികഴിപ്പിച്ചത്. ഇവിടെ നാലാം നൂറ്റാണ്ടിലായിരുന്നു ആദ്യ ദേവാലയം നിര്‍മ്മിച്ചത്. ഭൂകമ്പത്തിൽ ദേവാലയം ഭാഗികമായി തകര്‍ന്നപ്പോൾ 200 വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍നിര്‍മ്മിക്കുകയായിരുന്നു. ബൈസന്റൈന്‍ കാലഘട്ടത്തിലെ മനോഹരമായ മൊസൈക്കും ബൈബിള്‍ ചുമര്‍ ചിത്രങ്ങള്‍ക്കൊണ്ടും പ്രശസ്തമായിരുന്നു ഹോളി സേവ്യര്‍ ദേവാലയം.

1453 ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാന്‍റിനോപ്പിൾ പിടിച്ചടക്കിയപ്പോൾ ക്രമേണ കോറയിലെ ക്രിസ്ത്യൻ ദേവാലയവും മുസ്ലിംപള്ളിയാക്കി മാറ്റുകയായിരുന്നു. 1945ൽ മതനിരപേക്ഷ സര്‍ക്കാര്‍ കോറയിലെ ദേവാലയം മ്യൂസിയമാക്കി മാറ്റിയിരുന്നു. ദേവാലയത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള മ്യൂസിയമാക്കിയ 1945 ലെ സര്‍ക്കാര്‍ ഉത്തരവ് തുര്‍ക്കിയിലെ ഒരു കോടതി കഴിഞ്ഞ വര്‍ഷം റദ്ദ് ചെയ്തിരുന്നു. ഇതിൻ്റെ പിൻബലത്തിലാണ് മുസ്ലീം തീവപക്ഷക്കാരെ പ്രീണിപ്പിക്കാൻ ദേവാലയം മോസ്കാക്കിയുള്ള ഇപ്പോഴത്തെ പ്രഖ്യാപനം.