ബെയ്റൂട്ടിലെ ഇരട്ട സ്ഫോടനങ്ങൾക്ക് കാരണം 2,750 ടൺ അമോണിയം നൈട്രേറ്റ് ; മരണസംഖ്യ 135 ആയി

ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തുറമുഖ പ്രദേശത്ത് ചൊവ്വാഴ്ചയുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവർ 135 ആയി. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് വിലയിരുത്തൽ. 4,000 ത്തിലധികം പേർക്ക് പരിക്കേറ്റു. ബെയ്റൂട്ടിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. കാണാതായ നിരവധി പേർക്കായി രക്ഷാപ്രവർത്തകർ രാപ്പകൽ തിരച്ചിലിലാണ്.ആശുപത്രികൾക്ക് മുൻപിൽ വൻ ജനക്കൂട്ടമാണ്. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീണിട്ടുണ്ട്. ഇതിനടിയിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ തിരച്ചിൽ നടക്കുന്നുണ്ട്.


ബെയ്‌റൂട്ട് സ്‌ഫോടനത്തെക്കുറിച്ചുള്ള ബിബിസി റിപ്പോർട്ട്

അതേസമയം സുരക്ഷിതമല്ലാത്ത രീതിയിൽ 2,750 ടൺ അമോണിയം നൈട്രേറ്റ് തുറമുഖത്തിനടുത്തെ ഗോഡൗണിൽ സൂക്ഷിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്ന് പ്രസിഡന്റ് മൈക്കൽ ഔൺ വ്യക്തമാക്കി. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ആറുവർഷമായി ഇത് വെയർഹൗസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ തുറമുഖ ഉദ്യോഗസ്ഥരെയും വീട്ടുതടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. തുറമുഖ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അമോണിയം നൈട്രേറ്റ് കയറ്റുമതി ചെയ്യുകയോ വിൽക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജുഡീഷ്യറിക്ക് നിരവധി തവണ കത്തെഴുതിയതായി ബെയ്‌റൂട്ട് തുറമുഖ മേധാവിയും കസ്റ്റംസ് അതോറിറ്റിയുടെ തലവനുമായ ബദ്രിദാഹർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു

സ്ഫോടനം ഭൂമികുലുക്കം പോലെ തോന്നിയെന്നാണ് നഗരവാസികൾ ബിബിസിയോട് പങ്കുവച്ചു. കിലോമീറ്ററുകളോളം അകലെവരെ സ്ഫോടനശബ്ദം കേട്ടു. സ്ഫോടനത്തെത്തുടർന്ന്, ആകാശംമുട്ടുന്ന കൂറ്റൻ കൂണുപോലെ പുക ഉയർ്ന്നു. സമീപത്തുള്ള കെട്ടിടങ്ങളുടെ ബാൽക്കണികൾ തകർന്നുവീണു. അകലെയുള്ള കെട്ടിടങ്ങളുടെ ജനാലച്ചില്ലുകൾ പോലും തകർന്നു. സ്ഫോടനത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്ന് വാസയോഗ്യമല്ലാതായി. 300,000 ത്തോളം പേർ ഭവനരഹിതരായെന്നാണ് റിപ്പോർട്ട്.

സ്‌ഫോടനം നടന്ന സ്ഥലത്തിനടുത്തുള്ള സെന്റ് ജോർജ്ജ് ആശുപത്രിക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും നിരവധി ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ചെയ്തു. മൂന്ന് ബെയ്‌റൂട്ട് ആശുപത്രികൾ അടച്ചുപൂട്ടി, മറ്റ് രണ്ട് ആശുപത്രികൾ ഭാഗികമായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യാഴാഴ്ച ബെയ്റൂട്ട് സന്ദർശിക്കും.  55 രക്ഷാപ്രവർത്തകരും മെഡിക്കൽ ഉപകരണങ്ങളും 500 പേർക്ക് ചികിത്സ നൽകാൻ ഒരു മൊബൈൽ ക്ലിനിക്കും വഹിച്ചാണ് മൂന്ന് ഫ്രഞ്ച് വിമാനങ്ങൾ എത്തുന്നത്.