ബെയ്റൂട്ടിലെ വൻ സ്ഫോടനത്തിൽ മരിച്ചവർ 78 ആയി; രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നറിയുന്നു. നാലായിരത്തിലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ തിങ്ങി നിറഞ്ഞു. തുറമുഖത്തിനടുത്ത് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം. സ്ഫോടനത്തിൽ അട്ടിമറിയുണ്ടോയെന്ന് സംശയമുണ്ട്.

സ്ഫോടന ശബ്ദം 240 കിലോമീറ്റർ ദൂരെ വരെ കേട്ടുവെന്നാണ് റിപ്പോർട്ട്. തുടർച്ചയായി രണ്ടു സ്ഫോടനങ്ങൾ ഉണ്ടായെന്നാണ് വിവരം. നിരവധി കെട്ടിടങ്ങൾ തകർന്നു. ചില്ലുകളും കെട്ടിടാവശിഷ്ടങ്ങളും കാരണം അനേകം വീടുകൾ വാസയോഗ്യമല്ലാതായി. സ്ഫോടനാഘാതത്തിൽ കാറുകൾ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ലെബനൻ സർക്കാർ വ്യക്തമാക്കി. ബെയ്റൂട്ടിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര സമൂഹം സഹായ വാഗ്ദാനവുമായി രംഗത്തെത്തി. ബെയ്റൂത്തിലേത് ആക്രമണമാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പ്രതികരിച്ചു. ലെബനൻ മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയെ വധിച്ച കേസിൽ വെള്ളിയാഴ്ച കുറ്റക്കാർക്ക് ശിക്ഷ വിധിക്കാനിരിക്കെയുണ്ടായ വൻ സ്ഫോടനത്തിന് പിന്നിലെ എല്ലാ സാധ്യതയും പരിശോധിക്കുമെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്.

2005 ല്‍ കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വധത്തില്‍ വിചാരണ പൂര്‍ത്തിയായി വെള്ളിയാഴ്ച വിധി വരാനിരിക്കെയാണ് സ്ഫോടനം. 2005 ഫെബ്രുവരിയിൽ കാര്‍ ബോംബ് സ്ഫോടനത്തിലാണ് ഹരീരി കൊല്ലപ്പെട്ടത്. ഇതിൽ ഹിസ്ബുള്ള ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരെയാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കാനിരിക്കുന്നത്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള നിരവധി തവണ ഹരീരിയുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് ആവർത്തിച്ചിരുന്നു. ഹരീരിയുടെ വസതിക്ക് സമീപം ആദ്യസ്ഫോടനത്തിൻ്റെ തുടർച്ചയായി രണ്ടാമത് സ്ഫോടനമുണ്ടായതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ആശങ്ക വേണ്ടെന്നും സംയമനം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി നമ്പര്‍ +96176860128