കറാച്ചി: കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ ബലി പെരുന്നാൾ ആഘോഷം നടത്തിയ പാക് ക്രിക്കറ്റ് ടീമിനെതിരെ വിമർശനവുമായി ആരാധകർ. മാസ്ക് വെക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് താരങ്ങൾ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ താരങ്ങൾ മാഞ്ചസ്റ്ററിലാണ് പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തിൻ്റെ ചിത്രങ്ങൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിരുന്നു. ഇതിനു മറുപടി ആയാണ് ആരാധകർ താരങ്ങൾക്കെതിരെ രംഗത്തെത്തിയത്.
കൊറോണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊറോണ മാനദണ്ഡങ്ങൾ അനുസരിക്കണമെന്ന് ഇംഗ്ലണ്ട് ടീമിനോടും പര്യടനം നടത്തിയ വെസ്റ്റ് ഇൻഡീസ്, പാകിസ്താൻ ടീമുകളോടും ഐസിസി നിർദ്ദേശിച്ചിരുന്നു. ഗ്രൗണ്ടിനകത്തും പുറത്തും ഇത് അനുസരിക്കണമെന്നും ഐസിസി നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ചായിരുന്നു ടീം അംഗങ്ങളുടെ ആഘോഷം. ഓഗസ്റ്റ് അഞ്ചാം തിയതിയാണ് പാകിസ്താൻ്റെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുക. മൂന്ന് ടെസ്റ്റുകളും മൂന്ന് ടി-20കളും അടങ്ങുന്ന പര്യടനം സെപ്തംബർ 2ന് അവസാനിക്കും.