കുവൈറ്റ് : സ്വകാര്യ സ്‌കൂളുകളിലെ ഫീസ് 25 ശതമാനം കുറച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കുന്നതു വരെ 2020-21 അക്കാദമിക വര്‍ഷത്തില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അല്‍ ഹര്‍ബിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഫീസ് കുറച്ചത് സ്‌കൂളുകള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഓണ്‍ലൈന്‍ പഠനത്തിലെ നിലവാരം നിരീക്ഷിക്കാനും മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ അണ്ടര്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫീസ് കുറക്കാത്ത സ്‌കൂളുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുക്കും. കൊറോണ പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടും വരുമാനവും കുറഞ്ഞും പ്രയാസം നേരിടുന്ന രക്ഷിതാക്കള്‍ക്ക് ഫീസ് ഇളവ് ആശ്വാസം നൽകും.