അയൽരാജ്യ സൗഹൃദം ദൃഢമാക്കുന്നു; ഇന്ത്യ 10 ട്രെയിൻ എഞ്ചിനുകൾ ബംഗ്ലാദേശിന് കൈമാറി

ന്യൂഡെൽഹി: ബംഗ്ലാദേശിന് ഇന്ത്യ 10 ട്രെയിൻ എഞ്ചിനുകൾ കൈമാറി. ചൈനയുമായുള്ള അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ അയൽരാജ്യങ്ങളുമായുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എകെ അബ്ദുൾ മോമെൻ, മുഹമ്മദ് നൂറുൽ ഇസ്ലാം സുജോൻ എന്നിവർ പങ്കെടുത്ത വെർച്വൽ പരിപാടിയിലൂടെയാണ് ട്രെയിനുകൾ കൈമാറിയത്.

10 ഡീസൽ ട്രെയിൻ എഞ്ചിനുകളാണ് അയൽരാജ്യത്തിന് നൽകിയത്. ഒക്ടോബറിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡെൽഹിയിലെത്തിയിരുന്നു. അന്ന് നൽകിയ വാഗ്ദാനമാണ് നിറവേറ്റിയിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ പാർസൽ ട്രെയിൻ സർവീസും കണ്ടെയ്‌നർ ട്രെയിൻ സർവീസും പുനരാരംഭിച്ചിട്ടുണ്ട്. ബേനാപോൾ വഴിയാണ് സർവീസുകൾ ആരംഭിച്ചത്.

ഇരു രാജ്യങ്ങൾക്കുമിടയിലെ ചരക്ക് ഗതാഗതം ഇതോടെ കൂടുതൽ ശക്തമാകും. 1965 ലേതിന് സമാനമായി റെയിൽ ഗതാഗതം മെച്ചപ്പെട്ടതാക്കാൻ ശ്രമം നടക്കുന്നുണ്ട്. അന്ന് ഏഴ് റെയിൽ ലിങ്കുകളാണ് ഉണ്ടായിരുന്നത്. ഇന്നത് നാലായി ചുരുങ്ങി.
റെയിൽ ഗതാഗതം ശക്തിപ്പെടുത്താൽ അഗർത്തലയിൽ നിന്ന് ബംഗ്ലാദേശിലെ അഖോറയിലേക്ക് പുതിയ റെയിൽവേ ലിങ്ക് സ്ഥാപിക്കും. ഇത് ഇന്ത്യയായിരിക്കും നിർമ്മിക്കുക. തിങ്കളാഴ്ച ഇരു രാജ്യങ്ങൾക്കുമിടയിലെ ആദ്യ കണ്ടെയ്‌നർ ട്രെയിൻ ബംഗ്ലാദേശിലെത്തി. 50 കണ്ടെയ്‌നറുകളിലായാണ് സാധനങ്ങൾ അയൽരാജ്യത്ത് എത്തിയത്.