മരിച്ചവരുടെ സംസ്ക്കാരം തടയാൻ നിങ്ങൾക്ക് ലജ്ജയില്ലേ; നിങ്ങൾ മനുഷ്യരോ മ്യഗങ്ങളോ; ഇത് കാടത്തമാണ്

ഉണ്ണിക്കുറുപ്പ്

തിരുവനന്തപുരം: മ്യതദേഹ സംസ്ക്കാരം തടഞ്ഞ് പ്രതിഷേധിക്കുന്നത് ഏതു നാട്ടുകാരാണ്? ഇവർ മലയാളികളല്ലേ? മ്യതദേഹം സംസ്ക്കരിച്ചാലും ദഹിപ്പിച്ചാലും വൈറസ് പകരുമെന്ന വിവരം ഇവർക്കെവിടെ നിന്ന് കിട്ടി? മനുഷ്യൻ്റെ അജ്ഞത മറയാക്കി വിഭാഗീയത വളർത്തുന്നവരും കഥയറിയാതെ ആട്ടം കാണുകയാണ്.

ജനിച്ച് വളർന്ന് ജീവിച്ച നാട്ടിൽ സ്വന്തം സഹോദരന് ഒരു മാരകരോഗം ബാധിച്ച് മരിച്ചതിൻ്റെ പേരിൽ പ്രദേശത്തെങ്ങും സംസ്‌ക്കരിക്കരുതെന്ന് പറയാൻ തക്കവിധം നമ്മുടെ മനുഷ്യത്വം മരവിച്ചു പോയോ? മഹാമാരിയിൽ ജീവൻ നഷ്ടമായവരോട് കരുണയും സഹാനുഭൂതിയും കാട്ടേണ്ടതിന് പകരം തെരുവിലിറങ്ങി കുത്തിയിരിക്കുക. പരസ്യമായി കൊറോണ പ്രോട്ടോക്കോൾ ലംഘിക്കുക. രോഗം വന്ന് മരിച്ചാൽ പ്രിയപ്പെട്ടവർ നിങ്ങൾക്ക് അന്യരാകുമോ? ഇതാരാണ് നിങ്ങളെ പഠിപ്പിച്ചത്. ഇതാണോ മലയാളിയുടെ അവനവനിസമെന്ന അവസരവാദം.

കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മണ്ണിൽ സംസ്ക്കരിച്ചാലും ദഹിപ്പിച്ചാലും വൈറസ് ബാധയുണ്ടാകില്ലെന്ന് ആരോഗ്യ വിദഗ്ധർ. നിരവധി വൈറസ് മരണങ്ങളുണ്ടായെങ്കിലും മൃതദേഹ സംസ്ക്കാരം ചട്ടങ്ങൾ പാലിച്ച് നടത്തിയ ഒരിടത്തും രോഗപകർച്ചയോ മരണമോ ഉണ്ടായതായി ലോകത്തൊരിടത്തും റിപ്പോർട്ടില്ല.

മ്യതദേഹം സംസ്ക്കരിക്കുന്ന സ്ഥലത്തിനു സമീപമുള്ളവർക്ക് വൈറസ് ബാധയേൽക്കുമെന്നതും ശുദ്ധ അസംബന്ധമാണെന്ന് ആരോഗ്യ വിദഗ്ധർ. അഭ്യസ്ഥവിദ്യരായ മലയാളികൾക്ക് തന്നെ അപമാനകരമാണ് ഇത്തരം തെറ്റായ പ്രചാരണങ്ങൾ. ചാലക്കുടിയിലും തിരുവനന്തപുരത്തെ മലമുകളിലും ഏറ്റവുമൊടുവിൽ കോട്ടയത്തും മ്യതദേഹ സംസ്ക്കാരവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങൾ മലയാളികൾക്ക് തീരാകളങ്കമാണ് വരുത്തിയത്. ജനവികാരം ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനുള്ള ശ്രമം എല്ലായിടത്തുമുണ്ടായി.

കൊറോണ വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ മരണസംഖ്യയും വർധിക്കുകയാണ്. ദിവസേന ഒന്നും രണ്ടുമായിരുന്ന മരണങ്ങൾ അഞ്ചും പത്തുമൊക്കെയാകുകയാണ്.ഇത് ഇനിയും വർധിക്കും. പ്രതിഷേധ സമരങ്ങൾക്ക് ഇറങ്ങിയവർക്കും രോഗബാധയും മരണവുമൊന്നും അന്യമല്ല. അപ്പോൾ നാളെ ഇതേ സ്ഥിതി തന്നെ ആവർത്തിച്ചാൽ എന്താകും.?

മരിച്ചയാളെ സംസ്കരിച്ചാൽ ജലാശയങ്ങളിൽ വൈറസ് ബാധയുണ്ടാകുമോ ?

മ്യതദേഹം മണ്ണിൽ സംസ്ക്കരിച്ചാൽ വൈറസ് സമീപത്തെ കിണറുകളിലും ജലാശയങ്ങളിലും വ്യാപിക്കുമെന്നത് തെറ്റാണ്. ഒരു കാരണവശാലും അങ്ങനെ സംഭവിക്കില്ലെന്ന് വിദഗ്ധർ പറയുന്നു.

ലോകാരോഗ്യ സംഘടന കൊറോണ ബാധിച്ച് മരിക്കുന്നവരുടെ സംസ്ക്കാരത്തെക്കുറിച്ച് വ്യക്തമായ പ്രോട്ടോക്കോൾ പുറത്ത് വിട്ടിട്ടുണ്ട്. ഇതിനെ ആസ്പദമാക്കി സംസ്ഥാനത്ത് നിലവിലുള്ള പ്രോട്ടോക്കോളും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങളുമുണ്ട്.

സംസ്ക്കാരത്തിന് കുഴികൾ ഒരുക്കുമ്പോൾ

  • മണ്ണിൽ കുഴിയെടുത്ത് മ്യതദേഹം സംസ്ക്കരിക്കണം. കല്ലറയിൽ സംസ്ക്കാരം നടത്താം. എന്നാൽ സെല്ലാർ പോലുള്ളവ അനുവദനീയമല്ല.
  • കുഴികൾക്ക് ആറടി താഴ്ചയുണ്ടായിരിക്കണം. പത്തടി ആയാൽ അഭികാമ്യം.(എന്നാൽ ഇത് നിർബന്ധമല്ല.)
  • മ്യതദേഹങ്ങൾ ദഹിപ്പിക്കുന്നതിനും തടസമില്ല. വീടുകളിൽ ദഹിപ്പിക്കുന്നതിന് അനുമതിയില്ല. പൊതുവായ കേന്ദ്രങ്ങളിൽ ദഹിപ്പിക്കാം.

മ്യതദേഹത്തിൽ നിന്ന് വൈറസ് പകരുമോ ?

  • ആശുപത്രിയിൽ മരിക്കുന്ന രോഗികളുടെ മ്യതദേഹം ബോഡി ബാഗിൽ അണുവിമുക്തമാക്കി നൽകുന്നതിനാൽ ഇതിൽ നിന്ന് ആർക്കും വൈറസ് ബാധ ഏൽക്കില്ല. മ്യതദേഹത്തിൽ നിന്ന് സ്രവങ്ങൾ ഒഴുകി വരാനിടയുള്ള വായ്, മൂക്ക്, ചെവി എന്നീ ഭാഗങ്ങൾ പഞ്ഞി ഉപയോഗിച്ച് നന്നായി കവർ ചെയ്യാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കാറുണ്ട്.

*ഒരു ശതമാനം ഹൈപ്പോ ക്ലോറേറ്റ് ലായനി ഉപയോഗിച്ച് ആവശ്യം വന്നാൽ മ്യതദേഹമടങ്ങിയ ശവപ്പെട്ടി വീണ്ടും അണുവിമുക്തമാക്കാം.

സംസ്ക്കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നവരെല്ലാം പിപി ഇ കിറ്റ് ധരിക്കണോ.?

  • കൊറോണ ബാധിച്ച് ആശുപത്രിയിൽ മരിച്ചയാളുടെ സംസ്ക്കാരത്തിൽ പങ്കെടുക്കുന്നവർ (20 പേർ പങ്കെടുക്കാനാണ് ലോകാരോഗ്യ സംഘടന അനുവദിച്ചിരിക്കുന്നത് ) എല്ലാവരും പിപിഇ കിറ്റ് ധരിക്കേണ്ട.
  • മ്യതദേഹമടങ്ങിയ പെട്ടി കൈകാര്യം ചെയ്യുന്നവർ പിപിഇ കിറ്റ് ധരിക്കണം. മ്യതദേഹം ബോഡി ബാഗിൽ അണുവിമുക്തമാക്കി സൂക്ഷിച്ചിരിക്കുന്നതിനാൽ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിച്ചാൽ മതി. (മാസ്കും ഏപ്രനും ഗ്ലൗസും ധരിക്കുന്നത് കൂടുതൽ നല്ലതാണ്. എന്നാൽ നിർബന്ധമല്ല.)
  • അനുവദനീയസംഖ്യയായ 20 പേർക്ക് ആദ്യന്തം ശുശ്രൂഷയിൽ പങ്കെടുക്കാൻ വിലക്കില്ല.
  • കൊറോണ ബാധിച്ച് മരിച്ചവരുടെ അന്ത്യദർശനം അനുവദിച്ചിട്ടുണ്ട്.പി പി ഇ കിറ്റ് ധരിച്ചവർക്ക് ബോഡി ബാഗിൽ മുഖഭാഗം മറ്റുള്ളവരെ കാണിക്കാം. എന്നാൽ ആലിംഗനമോ സ്പർശനമോ അനുവദിക്കാൻ പാടില്ല. അകലം പാലിച്ച് നിന്ന് മരിച്ചയാളെ കാണാം.
  • മരിച്ചയാളുടെ സംസ്ക്കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നവർ 14 ദിവസം ക്വാറൻ്റയിനിൽ പോകണമെന്ന പ്രചാരണവും തെറ്റാണ്. മരിച്ചയാളുമായി സമ്പർക്കത്തിലുള്ളവരാണ് ക്വാറൻ്റയിനിൽ പോകേണ്ടത്.

ഇതെക്കുറിച്ചൊന്നും യാതൊരറിവുമില്ലാത്തവരാണ് പലയിടങ്ങളിലും പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇത്തരക്കാരെ തിരുവനന്തപുരത്തും ചാലക്കുടിയും കോട്ടയത്തും മാത്യകാപരമായി കൈകാര്യം ചെയ്ത പോലീസും ആരോഗ്യ വകുപ്പും അഭിനന്ദനമർഹിക്കുന്നു. നുണ പരത്തുന്ന വിവരദോഷികൾക്ക് ചുട്ട മറുപടി നൽകുന്ന ദൗത്യം ഇനി സന്നദ്ധ സംഘടനകളും പൊതു പ്രവർത്തകരും ഏറ്റെടുക്കണം