ഒമാനിൽ ഇന്നു മുതൽ 15 ദിവസത്തേയ്ക്ക് സമ്പൂർണ ലോക്ഡൗൺ

മസ്കറ്റ്: ഒമാനിൽ കൊറോണ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനമായി. ഇന്ന് മുതൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളും അടച്ചിടും. 15 ദിവസത്തേയ്ക്ക് അടച്ചിടാൻ ആണ് ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം.

സുൽത്താൻ സായുധ സേനയുമായി ചേർന്ന് ലോക്ഡൗൺ ക്രമീകരണങ്ങൾ എല്ലാം പൂർത്തിയാക്കിയതായി റോയൽ ഒമാൻ പോലിസ് അറിയിച്ചു. അടുത്ത രണ്ടു ആഴ്ച ഗവർണറേറ്റുകൾക്കിടയിൽ ഉള്ള യാത്രയും നിരോധിച്ചു. ഇൗ കാലയളവിൽ വൈകുന്നേരം 7 മുതൽ രാവിലെ 6 വരെ യാത്രകൾക്കും പൊതു സ്ഥലങ്ങളിൽ ഒത്ത് കൂടുന്നതും നിയന്ത്രിക്കും.

വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാനും ആണ് സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനം. പകൽ സമയത്ത് പട്രോളിങ് ശക്തമാക്കുമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. വലിയ പെരുന്നാളിനോടനുബന്ധിച്ചിട്ടുള്ള എല്ലാ ആഘോഷങ്ങളും കുടുംബ ഒത്തുചേരലുകളും പെരുന്നാൾ നമസ്കാരങ്ങളും പരമ്പരാഗത പെരുന്നാൾ കമ്പോളത്തിന്റെ പ്രവർത്തനങ്ങളും നിർത്തി വയ്ക്കാനും കമ്മിറ്റി ആവശ്യപ്പെട്ടു.

നിയന്ത്രണ സമയത്തെ കാൽനട യാത്രയും നിരോധിച്ചിട്ടുണ്ട്. ലോക് ഡൗൺ ലംഘിക്കുന്നവർക്ക് 100 ഒമാൻ റിയാൽ പിഴ ചുമത്തുകയും ചെയ്യും. ലോക്ഡൗൺ കണക്കിലെടുത്ത് ഷോപ്പിംഗ് മാളുകളുകളുടെയും സൂപ്പർ മാർക്കറ്റുകളിലും സമയ ക്രമത്തിൽ മാറ്റം വരുത്തി.