ഓക്സ്ഫോഡ് സർവകലാശാല കൊറോണ വാക്സിൻ ആദ്യഘട്ട പരീക്ഷണം സമ്പൂർണ വിജയം

ലണ്ടൻ: ബ്രിട്ടനിലെ കൊറോണ വാക്സിൻ്റെ ആദ്യഘട്ട പരീക്ഷണം സുരക്ഷിതവും സമ്പൂർണ വിജയവുമെന്ന് റിപ്പോർട്ട്. ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്സിൻ പരീക്ഷിച്ചവർ വൈറസിനെതിരെ പ്രതിരോധശേഷി ആർജിച്ചതായി തെളിഞ്ഞെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരുടെ ശരീരത്തിൽ വൈറസിനെതിരായ ആന്റിബോഡി ഉത്പാദിപ്പിച്ചു. വാക്സിന്റെ പരീക്ഷണ ഫലങ്ങൾ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ChAdOx1 nCoV-19 എന്നാണ് വാക്സിന്റെ പേര്.

മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാൻസെറ്റ് മെഡിക്കൽ ജേണലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം വാക്സിൻ ശുഭസൂചനകൾ നൽകുന്ന വാർത്തകൾക്ക് പിന്നാലെ ഇതിന്റെ ഒരുകോടി ഡോസുകൾ ബ്രിട്ടൺ ഓർഡർ ചെയ്തിട്ടുണ്ട്.

ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനക ഫാർമസ്യൂട്ടിക്കൽസും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത്. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണവൈറസ് മഹാമാരിയെ തടഞ്ഞുനിർത്താനുള്ള വാക്സിന്റെ ഫലത്തേപ്പറ്റി ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

അതേ സമയം സെപ്റ്റംബറോടെ വാക്സിൻ വിപണിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നതെന്ന് സൂചനയുണ്ട്. എന്നാൽ വാക്സിൻ എപ്പോൾ വിപണിയിൽ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്ന് അധികൃതർ അറിയിച്ചു.