കൊച്ചി : യുഎഇയിലുള്ള സ്വര്‍ണക്കടത്തുകേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് ജാമ്യമില്ലാ വാറണ്ട്. കൊച്ചി എന്‍ഐഎ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് ഇന്റര്‍പോളിന് കൈമാറും. യുഎഇയില്‍ നിന്നും ഫൈസല്‍ ഫാരിദിനെ ഇന്ത്യയിലെത്തിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും ആണെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്നും വിട്ടുകിട്ടുന്നതിനായി ബ്ലൂ നോട്ടീസ് എന്‍ഐഎ പുറപ്പെടുവിക്കും.
ഫൈസല്‍ ഫരീദാണ് വ്യാജരേഖകള്‍ ചമച്ചത്. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്തത്. കോണ്‍സുലേറ്റുമായും ഉദ്യോഗസ്ഥരുമായും ഇതിന് ബന്ധമില്ലെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. കേസില്‍ വന്‍ ഗൂഡാലോചന നടന്നെന്നും, കടത്തിയ സ്വര്‍ണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.
അതിനിടെ സന്ദീപ് നായരില്‍ നിന്നും പിടിച്ചെടുത്ത നിര്‍ണായക വിവരങ്ങളടങ്ങിയ ബാഗ് പ്രത്യേക കോടതിക്ക് കൈമാറി. ബംഗലൂരുവില്‍ നിന്ന് പിടിയിലാകുമ്പോഴാണ് സന്ദീപില്‍ നിന്നും ബാഗ് പിടിച്ചത്. സ്വര്‍ണക്കടത്തില്‍ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ച മറ്റുള്ളവരുടെ പേരുവിവരവും സംഘത്തിന്റെ പ്രവര്‍ത്തനരീതികളും അടങ്ങുന്ന നിര്‍ണായ രേഖകള്‍ ബാഗിലുണ്ടെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ബാഗ് കോടതിയുടെ സാന്നിധ്യത്തില്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ അപേക്ഷ നല്‍കി. കോടതി ബാഗ് ഇന്നു തുറന്നുപരിശോധന നടത്തിയേക്കുമെന്നാണ് സൂചന.
അതിനിടെ കസ്റ്റംസിന് മുന്നില്‍ കീഴടങ്ങിയ റമീസിന്റെ കുട്ടാളിയായ ജലാല്‍ പിടികിട്ടാപ്പുള്ളിയാണെന്ന് കസ്റ്റംസ് അറിയിച്ചു. റമീസിന്റെ അടുത്ത കൂട്ടാളിയാണ് ജലാല്‍. നിരവധി കേസുകളില്‍ പ്രതിയായ ജലാലിനെ കസ്റ്റംസിനും ഡിആര്‍ഐക്കും ഇതുവരെ പിടികൂടാനായിരുന്നില്ല. നാടകീയമായാണ് ജലാല്‍ കീഴടങ്ങിയത്.