കൊറോണയെ പ്രതിരോധിക്കാൻ ജപ്പാൻ; സി മാസ്‌ക് സ്മാർട്ട് മാസ്ക് വിപണിയിൽ

ടോക്കിയോ: കൊറോണയുടെ പ്രതിരോധത്തിന്റ ഭാ​ഗമായുള്ള മാസ്‌കിനെ സ്മാര്‍ട്ടാക്കുകയാണ് ജപ്പാനിലെ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനി. സി മാസ്‌ക് എന്ന് പേരിട്ടിരിക്കുന്ന മാസ്‌ക് വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്‍മ്മിക്കുക.‌‌ ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലും ഈ സ്മാര്‍ട്ട് മാസ്‌ക് ബന്ധിപ്പിച്ച് സംസാരത്തെ ടെക്സ്റ്റാക്കി മാറ്റാനും സാധിക്കും.

മെസേജുകള്‍ അയക്കാനും ജപ്പാന്‍ ഭാഷയില്‍ നിന്നും എട്ട് ഭാഷയിലേക്ക് വരെ സന്ദേശങ്ങള്‍ മൊഴി മാറ്റാനും സി മാസ്‌കിനാകും. മാസ്‌ക് ധരിച്ചയാളുടെ ശബ്ദം വര്‍ധിപ്പിക്കാനും സി മാസ്‌കിനാകും. സാധാരണ ധരിക്കുന്ന മാസ്‌കിന് മുകളിലും സി മാസ്‌ക് ധരിക്കാം. ഡോനട്ട് റോബോട്ടിക്‌സ് എന്ന റോബോട്ടിക് കമ്പനിയാണ് സ്മാര്‍ട്ട് മാസ്‌കിന് പിന്നില്‍.

റോബോട്ടുകളുടെ നിര്‍മ്മാണമായിരുന്നു ലക്ഷ്യമെങ്കിലും കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് റോബോട്ടിക്‌സിലെ ചില സാങ്കേതികവിദ്യകള്‍ മാസ്‌കിലേക്ക് കൂട്ടിയിണക്കിയിരിക്കുകയാണ് ഇവര്‍. നാല്‍പത് ഡോളറാണ് (ഏതാണ്ട് 3000 രൂപ) സി മാസ്‌കിന് വിലയിട്ടിരിക്കുന്നത്. സെപ്തംബര്‍ തുടക്കത്തോടെ 5000 മാസ്‌കുകള്‍ ആദ്യ ഘട്ടത്തില്‍ ജപ്പാനില്‍ ഇറക്കും.