കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റോ പിപിഇ കിറ്റോ നിർബന്ധമാക്കി; ഇന്നലെയെത്തിയത് 14058 പ്രവാസികൾ

തിരുവനന്തപുരം: എല്ലാ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ എൻ 95 മാസ്ക്കും ഫെയ്സ് ഷീൽഡും കയ്യുറയും ധരിക്കണം. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവർ പിപിഇ കിറ്റ് നിർബന്ധമായി ധരിക്കണമെന്നാണ് നിബന്ധന. പ്രവാസികളുടെ നാട്ടിലേക്ക് മടങ്ങിവരുന്നതിനുള്ള നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ വരും. സൗദി അറേബ്യയിൽ നിന്നും വരുന്നവർക്ക് പിപിഇ കിറ്റ് വേണം. ബഹ്റിനിൽ നിന്നും ഒമാനിൽ നിന്നും വരുന്നവർക്ക് എൻ 95 മാസ്ക്കും കയ്യുറയും ഫെയ്സ് മാസ്ക്കുമാണ് നിർബന്ധമാക്കിയത്.

ആന്‍റിബോഡി പരിശോധന നിലവിൽ ഉള്ള യുഎഇയിൽ നിന്നും വരുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കുവൈറ്റിൽ നിന്നും പരിശോധന ഇല്ലാതെ വരുന്നവർ പിപിഇ കിറ്റ് ധരിക്കണം. ഖത്തറിൽ നിന്നുള്ളവർക്ക് എഹ്ത്രാസ് മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ആയിരിക്കണം.

ഇവിടെ എത്തുമ്പോൾ കൊറോണ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനകളില്ലാതെ എത്താൻ കഴിയുമായിരുന്നു അവസാനദിവസമായ ഇന്നലെ 72 വിമാനങ്ങളിലായി 14058 പേരാണ് സംസ്ഥാനത്ത് എത്തിയത്. പ്രതിഷേധത്തെ തുടർന്ന് എല്ലാവർക്കും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുകയായിരുന്നു.