വാഷിങ്ടണ്‍: കൊറോണ വൈറസിൽ നിന്ന് മുക്തിനേടിയെന്ന് ആശ്വസിച്ചിരിക്കെ വയോധികനെ ഞെട്ടിച്ച് ആശുപത്രി ബിൽ.
രോഗം ഭേദമായ എഴുപതുകാരന് എട്ടു കോടിയിലേറെ രൂപയാണ് ആശുപത്രി ബില്‍ വന്നത്. 1.1 മില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആശുപത്രി ചെലവായി ലഭിച്ച ബില്‍ത്തുക. (ഏകദേശം 8,35,52,700 രൂപ). യുഎസിലെ ആശുപത്രിയില്‍ മൈക്കല്‍ ഫ്‌ളോർ എന്ന രോഗിയെ മാര്‍ച്ച് നാലിനാണ് പ്രവേശിപ്പിച്ചത്. 62 ദിവസത്തോളം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. ഒരു ഘട്ടത്തിൽ ഇദ്ദേഹത്തിന്റെ മരണം വരെ ഡോക്ടർമാർ വിധിയെഴുതിയിരുന്നു. എന്നാൽ രോഗത്തിൽ നിന്ന് വളരെ അത്ഭുതകരമായി രക്ഷപെട്ടു. രോഗം ഭേദമായതിനെ തുടര്‍ന്ന് മെയ് അഞ്ചിന് ഫ്‌ളോറിനെ ഡിസ്ചാര്‍ജ് ചെയ്തു.
എന്നാല്‍ ആശുപത്രി ബില്‍ ലഭിച്ചതോടെ ഫ്‌ളോറും കുടുംബാംഗങ്ങളും ഒന്ന് ഞെട്ടി. 181 പേജുള്ള ബില്ലാണ് ഫ്‌ളോറിന് ലഭിച്ചത്, ആകെ തുക $1,122,501.04. തീവ്രപരിചരണ മുറിയ്ക്ക് ദിവസേന 9,736 ഡോളറാണ് വാടക. 29 ദിവസത്തെ വെന്റിലേറ്റര്‍ വാടക 82,000 ഡോളര്‍, 42 ദിവസത്തേക്ക് മുറി അണുവിമുക്തമാക്കുന്നതിന് 4,09,000 ഡോളര്‍, രണ്ട് ദിവസം ഗുരുതരാവസ്ഥയിലായതിന്റെ ചികിത്സയ്ക്ക് 1,00,000 ഡോളര്‍. ഇങ്ങനെയാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗവണ്‍മെന്റ് നല്‍കി വരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഫ്‌ളോറിന് ലഭിക്കുമെന്നതിനാല്‍ സ്വന്തം കയ്യില്‍ നിന്ന് ഇത്രയും തുക അദ്ദേഹത്തിന നല്‍കേണ്ടി വരില്ല.