ന്യൂയോർക്ക് : കൊറോണ വൈറസ് വ്യാപനം കൂടിയ വികസ്വര രാജ്യങ്ങളിൽ ഗർഭിണികൾ അപകടാവസ്ഥയിലാണെന്നും പ്രസവത്തിൽ തന്നെ കുഞ്ഞുങ്ങൾ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ലോകാരോഗ്യ സംഘടന. രോഗവ്യാപനം കൂടിയ മേഖലകളിൽ സ്ത്രീകളിലൂടെ രോഗം ഗർഭസ്ഥ ശിശുവിനെ ബാധിക്കും. പ്രസവത്തിൽ തന്നെ കുട്ടികൾ മരണപ്പെടുന്നതിനും ഇത് ഇടയാക്കുമെന്നും ഇക്കാര്യത്തിൽ ആരോഗ്യ വിദഗ്ധർക്ക് ആശങ്കയുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.
ശൈശവ മരണ നിരക്ക് വൻതോതിൽ വർധിക്കാൻ ഇടയാക്കുമെന്ന് ലോകാരോഗ്യ സംഘടന ആശങ്കപ്പെടുന്നു.
വികസ്വര രാജ്യങ്ങളിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ പാടുപെടുന്ന ആളുകളെക്കുറിച്ചാണ് ആശങ്ക കൂടുതൽ. സ്ത്രീകൾ, കുട്ടികൾ, കൗമാരക്കാർ എന്നിവരിൽ കൊറോണ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പ്രത്യേകിച്ചും ആശങ്കാകുലരാണെന്ന് സെക്രട്ടറി ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
മഹാമാരി പല രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും ടെഡ്രോസ് പറഞ്ഞു.