സ്പെയിനിലും ഇറ്റലിയിലും കൊറോണ വ്യാപനം കുറയുന്നു; ബ്രസിലിൽ വൈറസ്ബാധ ശക്തമായി

വാഷിംഗ്ടൺ: കൊറോണ വൈറസ് താണ്ഡവമാടിയ ചില യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിതി നിയന്ത്രണ വിധേയമാകുന്നു. കൊറോണ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്ന സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിൽ രോഗം കുറയുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്നലെ സ്പെയിനില്‍ കൊറോണ ബാധിച്ച് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ഇന്നലെ 163 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം വന്നത്.

അതേസമയം കൊറോണ മരണങ്ങളിൽ ബ്രസീൽ അമേരിക്കയുടെ തൊട്ടുപിന്നിലെത്തി. രാജ്യത്ത് 41,901 പേരാണ് മരിച്ചത്. ഇതുവരെ രണ്ടാമതായിരുന്ന ബ്രിട്ടനിൽ 41,481 പേരും. 116,825 പേരാണ് അമേരിക്കയിൽ മരിച്ചത്. ആഫ്രിക്കയിലെ രോഗവ്യാപനത്തോതിൽ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. രണ്ട് ലക്ഷമാണ് രോഗബാധിതർ. രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ എടുത്തത് 18 ദിവസം മാത്രമാണ്. ദക്ഷിണാഫ്രിക്കയിലാണ് രോഗബാധിതർ കൂടുതല്‍. ആരോഗ്യരംഗം അപ്പാടെ തകർന്നിരിക്കുന്ന യെമനിലും കൊറോണ പടരുകയാണ്. ശരിയായ കണക്കുകളല്ല പുറത്തുവരുന്നത് എന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.

ലോകത്ത് നിലവില്‍ 7,731,662 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 140,917 പേര്‍ക്ക് കൂടി പുതുതായി രോഗം പകര്‍ന്നു. ആകെ മരണസംഖ്യ 428,210 ആയിട്ടുണ്ട്. ഇന്നലെയും യുഎസിലും ബ്രസീലിലും തന്നെയാണ് കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചത്.

മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. യുഎസില്‍ ഇതുവരെ 2,116,922 പേര്‍ക്ക് രോഗം വന്നപ്പോള്‍ 116,825 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെയും 27,221 പേര്‍ക്ക് രോഗം ബാധിച്ചു. 791 പേര്‍ മരിക്കുകയും ചെയ്തു.
ബ്രസീലില്‍ ആകെ 829,902 പേരെ വൈറസ് ബാധിച്ചപ്പോള്‍ 41,901 പേരെയാണ് മരണം കീഴടക്കിയത്. ഇന്നലെ 24,253 പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റു. 843 പേര്‍ മരിക്കുകയും ചെയ്തു.