ആഫ്രിക്കയില്‍ അതിവേഗം കൊറോണ പടരുന്നുവെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ആഫ്രിക്കയില്‍ കൊറോണ വൈറസ് അതിവേഗം പടരുന്നുവെന്ന് ലോകാരോഗ്യ സംഘടന. ജനീവയില്‍ ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കന്‍ മേഖലാ ഡയറക്ടര്‍ ഡോ. മറ്റ്ഷിഡിസോ മൊയേട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇക്കഴിഞ്ഞ ആഴ്ച്ചയില്‍ ആഫ്രിക്കയില്‍ രണ്ട് ലക്ഷം കൊറോണ കേസുകൾ റിപ്പോര്‍ട്ടു ചെയ്തതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുവരെ 5635 കൊറോണ മരണങ്ങളാണ് ആഫ്രിക്കയില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും മോശമായി കൊറോണ ബാധിച്ചിരിക്കുന്ന രാജ്യം ദക്ഷിണാഫ്രിക്കയാണ്. ആഫ്രിക്കയിലെ ആകെയുള്ള രോഗികളില്‍ നാലിലൊന്നും ഇവിടെയാണ്. ആഫ്രിക്കയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള 70ശതമാനം കൊറോണ കേസുകളും ദക്ഷിണാഫ്രിക്ക, അള്‍ജീരിയ, നൈജീരിയ, ഈജിപ്ത്, സുഡാന്‍ എന്നീ അഞ്ച് രാജ്യങ്ങളിലാണ്.
ആഫ്രിക്കയില്‍ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം പേരിലേക്കെത്താന്‍ 98 ദിവസങ്ങളെടുത്തു. പിന്നീട് രണ്ട് ലക്ഷത്തിലെത്തിയത് വെറും 18 ദിവസങ്ങള്‍ കൊണ്ടാണ്’ എന്നായിരുന്നു ഡോ. മറ്റ്ഷിഡിസോ മൊയേട്ടി വ്യക്തമാക്കിയത്. ലോകത്തെ ആകെ മരണങ്ങളുടെ മൂന്ന് ശതമാനം കൊറോണ മരണങ്ങള്‍ മാത്രമേ ആഫ്രിക്കയില്‍ സംഭവിച്ചിട്ടുള്ളൂ. എന്നാല്‍, കൊറോണ മേഖലയില്‍ അതിവേഗത്തില്‍ പടരുന്നുവെന്നതാണ് ലോകാരോഗ്യസംഘടന മുന്നോട്ടുവെക്കുന്ന ആശങ്ക.

ആഫ്രിക്കന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലുമാണ് ഇപ്പോള്‍ പ്രധാനമായും വൈറസ് വ്യാപിച്ചിരിക്കുന്നത്. യൂറോപ്പില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും വിമാനത്താവളങ്ങളിലൂടെ എത്തിയ യാത്രികരിലൂടെയാണ് പ്രധാനമായും രോ​ഗം പകര്‍ന്നത്.