ആഗോള തലത്തില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നു; ലോകാരോഗ്യ സംഘടന; ലക്ഷണങ്ങളില്ലാതെ രോഗം പടരുന്നു

ജനീവ: ആഗോള തലത്തില്‍ കൊറോണ രോഗ വ്യാപനം രൂക്ഷമാകുകയാണെന്ന് ലോകാരോഗ്യ സംഘടന. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗികളുടെ എണ്ണം അമേരിക്കയില്‍ ആണ് രേഖപ്പെടുത്തിയത് എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പല രാജ്യങ്ങളിലും ലക്ഷണങ്ങളില്ലാതെ തന്നെ ആളുകളില്‍ രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഇവരില്‍ നിന്നും സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനത്തിന്റെ തോത് കുറവാണെന്നും പകര്‍ച്ച വ്യാധി വിധഗ്ധന്‍ വാന്‍ കോര്‍കോവ് പറഞ്ഞു.

യൂറോപ്പിലെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള അടിസ്ഥാനത്തില്‍ നോക്കുമ്പാള്‍ യൂറോപ്പിലെ സാഹചര്യം മോശമാകുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെേ്രഡാസ് അഥാനോം ഘെബ്രെയെസൂസ് ജനീവയില്‍ പറഞ്ഞു. ഞായറാഴ്ച്ച മാത്രം 1.36 ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ രോഗികളില്‍ ഏറ്റവും കൂടുതല്‍ പേരും അമേരിക്ക, തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. ഇതുവരെ ലോകത്ത് 7 ദശലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതേസമയം മരണം നാലു ലക്ഷത്തിനു മുകളില്‍ എത്തി.