പവര്‍ പ്ലാന്‍റില്‍ വൻ ഡീസല്‍ ചോർച്ച; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വ്ലാദിമിർ പുടിന്‍

മോസ്കോ: റഷ്യയിലെ സൈബീരിയന്‍ നഗരമായ നോരില്‍സ്കില്‍ തകര്‍ന്ന പവര്‍ പ്ലാന്‍റിലെ ഇന്ധന ടാങ്കില്‍ നിന്ന് വലിയ തോതില്‍ ഡീസല്‍ ചോർച്ച. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. നദിയിലേക്ക് 20000 ടണ്‍ ഡീസല്‍ ഒഴുകിയെത്തിയതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍. പ്ലാന്‍റിന്‍റെ ഡയറക്ടര്‍ വ്യാചെസ്ലാവ് സ്റ്റാറോസ്റ്റിനെ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു.

ലോകത്ത് തന്നെ നിക്കല്‍, പല്ലേഡിയം ഉത്പാദിപ്പിക്കുന്ന പ്രമുഖ നിര്‍മ്മാതാക്കളായ നോരില്‍സ്ക് നിക്കലിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ പ്ലാന്‍റ്. പവര്‍ പ്ലാന്‍റിന്‍റെ ഭൂഗര്‍ഭ ടാങ്കിലാണ് ഇന്ധന ചോര്‍ച്ചയുണ്ടായത്. 350 സ്ക്വയര്‍ മീറ്ററോളം ഇന്ധനം പരന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതെന്നും വ്യാപക വിമര്‍ശനമുയരുന്നുണ്ട്. നദി ശുചിയാക്കാന്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ പരിശ്രമിക്കുന്നതിനിടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

മലിനീകരണമുണ്ടാക്കിയതിനും കുറ്റകരമായ അനാസ്ഥയ്ക്കുമാണ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. ഇന്ധന ടാങ്ക് തകര്‍ന്ന് ലീക്ക് ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടും രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് പ്ലാന്‍റ് അധികൃതര്‍ സര്‍ക്കാര്‍ വൃത്തങ്ങളെ വിവരമറിയിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 12 കിലോമീറ്ററിലധികം ദൂരമാണ് ഇന്ധന പരന്നിട്ടുള്ളത്. റഷ്യയിലെ പ്രധാന നദികളിലൊന്നായ ആംബര്‍നയ നദിയിലാണ് ഡീസല്‍ പടര്‍ന്നത്. ഡീസല്‍ പരന്നതിന് പിന്നാലെ നദിയുടെ നിറം മാറുന്ന നിലയിലാണ് സ്ഥിതിഗതികള്‍ ഉള്ളത്.