ഇന്ത്യയും ഓസ്ട്രേലിയയും സൈനിക ഉടമ്പടിയിൽ ഒപ്പുവെച്ചു

ന്യൂഡെൽഹി : ഇന്ത്യ ചൈന അതിർത്തി തർക്കം നിലനിൽക്കവേ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ സൈനിക ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിൽ നടന്ന വിർച്വൽ കൂടിക്കാഴ്ചക്കിടെയാണ് കരാർ ഒപ്പുവെച്ചത്. ഇതുൾപ്പെടെ ഏഴ് കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.

കരാർ പ്രകാരം ഇരുരാജ്യങ്ങളുടെയും സേനകൾക്ക് രണ്ട് രാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള സൈനിക താവളങ്ങൾ ഉപയോഗിക്കാം. സൈനിക കപ്പലുകൾക്കും വിമാനങ്ങൾക്കും ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണി സൗകര്യങ്ങൾ ചെയ്യാനും ഈ കരാർ അനുവദിക്കുന്നു, കൂടാതെ ചൈനയുടെ സൈനികവും സാമ്പത്തികവുമായ സംഘർഷങ്ങൾ നേരിടാൻ ഇതു വഴി സാധിക്കുമെന്നാണ് കരുതുന്നത്.

ഓസ്‌ട്രേലിയയുടെ ഏറ്റവും കൂടുതൽ കയറ്റുമതി സാധനങ്ങൾ വാങ്ങുന്ന രാജ്യമാണ് ചൈനയെങ്കിലും, അടുത്തിടെ ഇരുവരും തമ്മിൽ വ്യാപാര സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. കൊറോണ വൈറസ് ഉത്ഭവത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ചൈനക്കെതിരായി ഒരു അന്താരാഷ്ട്ര അവലോകനത്തിന് ഓസ്ട്രേലിയ പദ്ധതി ഇട്ടിരുന്നു.

ഇതാദ്യമായാണ് ഒരു വിദേശ ഭരണാധികാരിയുമായി മോദി ഉഭയകക്ഷി ചർച്ച വിർച്വലായി നടത്തുന്നത്. ഇന്ത്യ- ഓസ്ട്രേലിയ പങ്കാളിത്തത്തിന്റെ പുതിയ മാതൃക എന്നാണ് മോദി ഈ ചർച്ചയെ വിശേഷിപ്പിച്ചത്. മികച്ച ചർച്ചയാണ് നടന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ സാധ്യകളേപ്പറ്റിയും തങ്ങൾ സംസാരിച്ചെന്നും മോദി പിന്നീട് പറഞ്ഞു.