സംസാരിക്കാനറിയില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ; ട്രംപിനെതിരെ വിമര്‍ശനവുമായി ഹൂസ്റ്റണിലെ പൊലീസ് മേധാവി

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൂസ്റ്റണിലെ പൊലീസ് മേധാവി രംഗത്ത് എത്തി. നിങ്ങള്‍ക്ക് ക്രിയാതമകമായി സംസാരിക്കാനറിയില്ലെങ്കില്‍, ദയവു ചെയ്ത് വാ തുറക്കാതിരിക്കൂ എന്നാണ് ഹ്യൂസ്റ്റൺ പോലീസ് മേധാവി ആർട്ട് അസെവെഡോ സി‌എൻ‌എന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിൽ ആധിപത്യം സ്ഥാപിക്കാൻ എല്ലാ ഗവർണർമാരെയും ട്രംപ് ഉപദേശിച്ചിരുന്നു. നിങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍‍, നിങ്ങള്‍ നിങ്ങളുടെ സമയം വെറുതെ കളയുകയാണെന്നായിരുന്നു ട്രംപിന്‍റെ പരാമര്‍ശം.

അമേരിക്കൻ പ്രസിഡന്റിന്റെ ഈ പരാമർശത്തിനെതിരെ പരസ്യമായാണ് ഹൂസ്റ്റണിലെ പൊലീസ് ചീഫ് മറുപടി നൽകിയിരിക്കുന്നത്.

ഈ രാജ്യത്തെ പോലീസ് മേധാവി എന്ന നിലയിൽ ഞാൻ അമേരിക്കൻ പ്രസിഡന്റിനോട് പറയട്ടെ: ദയവായി, നിങ്ങൾക്ക് ക്രിയാത്മകമായി എന്തെങ്കിലും പറയാനില്ലെങ്കിൽ, നിങ്ങളുടെ വാ തുറക്കാതിരിക്കുക. ഇത് ആധിപത്യത്തെക്കുറിച്ചല്ല, ഹൃദയവും മനസ്സും നേടുന്നതിനെക്കുറിച്ചാണ് എന്നാണ്
ആർട്ട് അസെവെഡോ പറഞ്ഞത്. രാജ്യത്തെ യുവാക്കളുടെ ജീവന്‍ അപകടത്തിലാക്കരുതെന്നും അദ്ദേഹം ട്രംപിനോട് ആവശ്യപ്പെട്ടു.

ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തിനെതിരെ രാജ്യവ്യാപകമായി വർദ്ധിച്ചുവരുന്ന പ്രതിഷേധം നിയന്ത്രിക്കാൻ കഴിയാത്തതിന്റെ പേരിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഗവർണർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അവരെ “ദുർബലർ” എന്ന് വിളിച്ചിരുന്നു.

ഇപ്പോൾ ഞങ്ങൾക്ക് നേതൃത്വം ആവശ്യമാണ് മാത്രമല്ല പ്രസിഡന്റായിരിക്കേണ്ട സമയമാണിത്, അപ്രന്റീസിലെ പോലെ ആകാൻ ശ്രമിക്കരുത്. ഇത് ഹോളിവുഡ് അല്ല, ഇതാണ് യഥാർത്ഥ ജീവിതമാണ് ട്രംപ് അഭിനയിച്ച ജനപ്രിയ റിയാലിറ്റി ഷോയായ ദി അപ്രന്റീസിനെ പരാമർശിച്ച് ആർട്ട് അസെവെഡോ പറഞ്ഞു