വൈറ്റ്ഹൗസിന് മുന്നിൽ പ്രതിഷേധക്കാർ ഒത്തുകൂടി; ഡൊണാൾഡ് ട്രംപിനെ ഭൂഗർഭ ബങ്കറിലേക്ക് മാറ്റി

വാഷിംഗ്ടൺ : കറുത്ത വർഗക്കാരനായ ജോർജ്‌ ഫ്ലോയിഡിനെ പോലീസുകാരൻ മർദിച്ചു കൊന്നതിൽ പ്രതിഷേധിക്കാൻ ജനങ്ങൾ വൈറ്റ്ഹൗസിന് മുന്നിൽ തടിച്ചുകൂടിയപ്പോൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഭൂഗർഭ ബങ്കറിലേക്ക് മാറ്റി. 

കഴിഞ്ഞ ദിവസം രാത്രിയോടെ യാണ് വൈറ്റ് ഹൗസിനു പുറത്തു പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്. തുടർന്ന് ഒരു മണിക്കൂറോളമാണ് ട്രംപിനെ വൈറ്റ് ഹൗസിന് അടിയിലുള്ള ബങ്കറിലേക്കു മാറ്റിയത്.

നൂറുകണക്കിന് പ്രതിഷേധക്കാർ വൈറ്റ്ഹൗസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചിരുന്നു. ഇവരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പോലീസും തടയുകയായിരുന്നു. തുടർന്നാണ് ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. എന്നാൽ വൈറ്റ്ഹൗസിൽ ട്രംപിനൊപ്പമുണ്ടായിരുന്ന ഭാര്യ മെലാനിയേയും മകൻ ബറോണിനേയും ബങ്കറിലേക്ക് മാറ്റിയോ എന്നതിൽ വ്യക്തതയില്ല.

അതേസമയം പ്രതിഷേധക്കർക്കെതിരെ ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ് പുറത്തു വന്നതോടു കൂടിയാണ് പ്രതിഷേധം കൂടുതൽ ശക്തമാകാൻ തുടങ്ങിയത്
ഈ കൊള്ളക്കാര്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ ഓര്‍മ്മയെ അപമാനിക്കുകയാണ്. ഇത് സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല. എപ്പോള്‍ കൊള്ള തുടങ്ങുന്നോ അപ്പോള്‍ വെടിവെപ്പ് ആരംഭിക്കും എന്നാണ് ട്രംപ് പറഞ്ഞത്.

ജോർജ് ഫ്ളോയ്ഡിന്റെ മരണത്തിൽ പ്രതിഷേധം വ്യാപകമാകുന്നതിനിടെ വാഷിങ്ടണിലടക്കം യുഎസിലെ നാല്പതോളം നഗരങ്ങളിൽ ഞായറാഴ്ച കർഫ്യൂ ഏർപ്പെടുത്തി.പ്രതിഷേധക്കാരെ നേരിടാൻ പലയിടങ്ങളിലും നാഷണൽ ഗാർഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.