ജൂണിലെ ജി 7 ഉച്ചകോടി മാറ്റി; ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ്

വാഷിംഗ്‌ടണ്‍: ജൂണില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടി മാറ്റിവെച്ചതായി അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ് അറിയിച്ചു.

ജി-7 എന്ന നിലയിൽ ഇത് ലോകത്ത് നടക്കുന്ന കാര്യങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്നുവെന്ന് എനിക്ക് തോന്നാത്തതിനാൽ ഞാനിത് മാറ്റിവെയ്ക്കുന്നു’ ട്രംപ് പറഞ്ഞു

ലോകത്തെ യഥാര്‍ത്ഥ പ്രതിനിധികള്‍ ജി 7 ഉച്ചകോടിയില്‍ ഉണ്ടെന്ന് തോന്നിയിട്ടില്ല. കാലപഴക്കം ചെന്ന രാജ്യങ്ങളുടെ കൂട്ടായ്മയായിട്ടാണ് ജി 7 ഉച്ചകോടിയെ തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടന്‍, കാനഡ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജി 7 രാജ്യങ്ങൾ.. യു.എന്‍ ജനറല്‍ അസംബ്ലിക്ക് മുമ്പായി സെപ്റ്റംബറില്‍ ഉച്ചകോടി ചേരാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ട്രംപിന്റെ ക്ഷണം ജർമ്മൻ ചാൻസലർ ആംഗേല മെർക്കൽ നിരാകരിച്ചിരുന്നു. കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധിയ്ക്കിടെ വാഷിംഗ്ടണിലേക്കുള്ള യാത്ര മെർക്കലിന് സ്വീകാര്യമല്ലെന്നാണ് ജർമൻ സർക്കാരിന്റെ ഔദ്യോഗിക വക്താവായ സ്റ്റീഫൻ സൈബെർട്ട് അറിയിച്ചത്.