വാഷിംഗ്ടൺ: അമേരിക്കൻ സർവകലാശാലകളിലെ ചില ചൈനീസ് വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് സൈന്യവുമായി ബന്ധമുള്ള യുഎസ് സർവകലാശാലകളിലെ ബിരുദ വിദ്യാർത്ഥികളെ വിലക്കുന്നതിനാണ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്.
വർഷങ്ങളായി അമേരിക്കയുടെ വ്യാവസായിക രഹസ്യങ്ങൾ മോഷ്ടിക്കാൻ ചൈന സർക്കാർ ചാരവൃത്തി നടത്തിയിട്ടുണ്ട്, എന്നാണ് ട്രംപിന്റെ ആരോപണം. ചൈനീസ് സാമ്പത്തിക ചാരവൃത്തിയും സാങ്കേതിക മോഷണവും സംബന്ധിച്ച 1,000 കേസുകൾ അന്വേഷിക്കുന്നതായി എഫ്ബിഐ അറിയിച്ചിട്ടുണ്ട്.
അതേസമയം ട്രംപിന്റെ ഉത്തരവ് ബിരുദധാരികളെ നേരിട്ട് ബാധിക്കില്ലെങ്കിലും യുഎസ് സർവകലാശാലകളിൽ 370,000ത്തോളം വിദ്യാർത്ഥികളാണ് ഉള്ളത്. ഇതിൽ ഭൂരിപക്ഷം വിദ്യാർഥികളും ചൈനയിൽ നിന്നും ഉള്ളവരാണ്.
ചൈനീസ് വിദ്യാർഥികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതിന് പുറമെ ആഗോള വാണിജ്യ ഹബ്ബുകളിലൊന്നായ ഹോങ് കോങ്ങിനുള്ള പ്രത്യേക വ്യാപാരപദവിയും ആനുകൂല്യവും എടുത്തുകളയുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ് കോങ്ങിന് ഇപ്പോൾ അനുവദിച്ചിട്ടുള്ള തീരുവ ഇളവ്, വ്യാപാര പരിഗണന, ഡോളർ വിനിമയത്തിലെ ഇളവ്, വിസ ഫ്രീ യാത്ര എന്നിവ യു.എസ്. പിൻവലിക്കും. ഹോങ് കോങ്ങിലേയും ചൈനയിലേയും ലോകത്തേയും ജനങ്ങൾക്ക് ഇതൊരു ദുരന്തമായിരിക്കുമെന്നും ട്രംപ് പറഞ്ഞു