ലോകാരോഗ്യ സംഘടന ചൈനയുടെ പാവയെന്ന് ട്രംപ്; അമേരിക്ക ധനസഹായം നിർത്തിവച്ചു

വാഷിങ്ടൺ : അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂർണമായും നിർത്തിവെച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനാ ചൈനയുടെ ഒരു പാവയെ പോലെയാണ് പെരുമാറുന്നതെന്നും ട്രംപ് കുറ്റപ്പെട്ടുത്തി.

ആവശ്യപ്പെട്ട പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു. അതിനാൽ ഇന്ന് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുകയാണ്. അമേരിക്ക പ്രതിവർഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്നത്. എന്നാൽ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇത്രയും കുറഞ്ഞ തുക കൊടുത്തിട്ടു ചൈന ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.

ലോകാരോഗ്യ സംഘടനക്ക് കൊടുത്തുകൊണ്ട് ഇരുന്ന ധനസഹായം ആഗോള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനായി വിനിയോഗിക്കുമെന്നാണ് ട്രംപ് പറയുന്നത്.

30 ദിവസത്തിനകം പ്രവർത്തന രീതി മെച്ചപ്പെടുത്തിയില്ലെങ്കിൽ സംഘടനയിൽ തുടരുന്നകാര്യം അമേരിക്ക പുനരാലോചിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് അമേരിക്ക ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം പൂർണമായും റദ്ദാക്കിയത്.

ചൈന പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് മറുപടിയായി യുഎസ് ഹോങ്കോങ്ങിന്റെ പ്രത്യേക ചികിത്സ അവസാനിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ലോകത്തിന് ചൈനയിൽ നിന്ന് ഉത്തരങ്ങൾ ആവശ്യമാണ് എന്നും ട്രംപ് പറഞ്ഞു.