കൊറോണയെ തോൽപിച്ച് ന്യൂസിലാൻഡ് ; അവസാന രോഗിയും ആശുപത്രി വിട്ടു

വെല്ലിംഗ്ടൺ : ലോകവ്യാപകമായി പടർന്നു പിടിച്ചിരിക്കുന്ന കൊറോണ മഹാമാരിയെ തോൽപിച്ചു ന്യൂസിലാൻഡ്. ന്യൂസിലൻഡിലെ അവസാനത്തെ കൊറോണ രോഗിയും ആശുപത്രി വിട്ടു. മിഡില്മോർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയാണ് ആശുപത്രി വിട്ടത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ രാജ്യത്ത് ഒരു കൊറോണ കേസ് പോലും പുതുതായി റിപ്പോർട്ട് ചെയ്തിട്ടില്ല. 

കോറോണക്കെതിരായ പോരാട്ടത്തില്‍ മറ്റൊരു സുപ്രധാന നേട്ടം കൂടി ന്യൂസിലാന്‍ഡ് സ്വന്തമാക്കിയെന്നാണ് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. ആഷ്‌ലി ബ്ലൂംഫീല്‍ഡ് പ്രതികരിച്ചത്.

അമ്പത് ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസീലൻഡിൽ ആകെ 1504 കൊറോണ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 21 പേർ മരണപ്പെട്ടു. ബാക്കി 1462 പേരും രോഗമുക്തരായി. 267435 പേരെയാണ് രാജ്യത്ത് കൊറോണ ടെസ്റ്റിന് വിധേയമാക്കിയത്. ഇവരില്‍ രോഗബാധയുള്ളവരെ കണ്ടെത്താന്‍ പ്രത്യേക ആപ്പും ന്യൂസിലാന്‍ഡ് തയ്യാറാക്കിയിരുന്നു.

മാര്‍ച്ച് മുതല്‍ തന്നെ ന്യൂസിലാന്‍ഡിൽ ശക്തമായ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഏപ്രിലിലാണ് ആശുപത്രികളിൽ കൊറോണ രോഗികൾ ഏറ്റവും കൂടുതലായി അഡ്മിറ്റ് ചെയ്യപ്പെട്ടത്. അപ്പോഴും പരമാവധി 20 പേർ മാത്രമേ ഒരേ സമയം ചികിത്സ തേടിയിരുന്നുള്ളൂ. കൊറോണ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി ജസീന്ത ആർഡൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.