നരേന്ദ്രമോദിയുമായി സംസാരിച്ചെന്ന ട്രംപിന്റെ അവകാശവാദം തള്ളി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി : ഇന്ത്യ ചൈന അതിർത്തി തർക്കത്തെ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു എന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം കേന്ദ്ര സർക്കാർ തള്ളി. അതിർത്തി തർക്കവുമായി ബന്ധപെട്ടു ഒരു ചർച്ചയും ട്രംപുമായി ഇതുവരെ നടന്നിട്ടില്ലായെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കൊറോണ ചികിത്സക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ നാലിനാണ് ഇരുവരും അവസാനമായി സംവദിച്ചതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നയതന്ത്ര സമ്പർക്കങ്ങളിലൂടെയും തങ്ങൾ നേരിട്ട് ചൈനയുമായി ബന്ധപ്പെട്ടുവരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ മാനസിക അസ്വസ്ഥയിലാണെന്നു താൻ നരേന്ദ്രമോദിയോട് സംസാരിച്ചിരുന്നു എന്നുമാണ് ട്രംപ് പറഞ്ഞിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനു പരിഹാരം കാണാൻ മധ്യസ്ഥത വഹിക്കാൻ താൻ തയാറാണെന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ
യുഎസിന്റെ വാഗ്ദാനം ഇന്ത്യ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയോട് ഈ വിഷയം സംസാരിച്ചെന്ന വാദവുമായി ട്രംപ് എത്തിയത്