ഗൂഗിളിന്റെ ഓഫീസുകൾ ജൂലായ് ആറുമുതൽ തുറക്കും

സാൻഫ്രാൻസിസ്കോ: വിവിധ രാജ്യങ്ങളിലുള്ള ഗൂഗിളിന്റെ ഓഫീസുകൾ ജൂലായ് ആറുമുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു.
എന്നാൽ പരിമിതമായ ജീവനക്കാരെവെച്ചായിരിക്കും ഓഫീസുകൾ പ്രവർത്തിക്കുക.

വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്ക് ആവശ്യമായ ഉപകരണങ്ങൾ, ഓഫീസ് ഫർണിച്ചറുകൾ എന്നിവയുടെ ചെലവുകൾക്കായി ആഗോളതലത്തിൽ ഓരോ തൊഴിലാളികൾക്കും 1,000 ഡോളർ ഏകദേശം 75,000 ഡോളർ നൽകുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു. കൂടാതെ ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി തുടരാൻ പ്രോത്സാഹിപ്പിക്കുമെന്നും പിച്ചൈ പറഞ്ഞു.

സെപ്റ്റംബറോടെ ഓഫീസുകളുടെ പ്രവർത്തനം 30ശതമാനമെങ്കിലും പുനഃരാരംഭിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്. കലണ്ടർവർഷത്തിൽ ചുരുക്കം ജീവനക്കാർമാത്രമായിരിക്കും ഓഫീസിലെത്തി പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വർഷവസാനമാകുന്നതോടെ എല്ലാജീവനക്കാർക്കും ഓഫീസിലേയ്ക്ക് തിരിച്ചെത്താൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ചില ജീവനക്കാർ ഓഫീസിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിക്കുമ്പോൾ , മറ്റു ചിലർ വീട്ടിൽ നിന്നുതന്നെ ജോലി തുടരാനാണ് ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിൽ ജീവനാക്കാരുടെ നികുതി ഫയലിംഗ്, ആരോഗ്യ പരിരക്ഷ പോലുള്ള നിരവധി വ്യക്തിഗത ഘടകങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഉൾക്കൊള്ളണമെന്നും ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അവർ അവലോകനം ചെയ്യേണ്ടതുണ്ടെന്ന് പിച്ചൈ പറഞ്ഞു.