തലയോട്ടിയുടെ ഒരുഭാഗം ബഹ്‌റൈനില്‍; കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ മലയാളി

വടകര: തലയോട്ടിയുടെ ഒരുഭാഗം ബഹ്‌റൈനില്‍, ചികിത്സയ്ക്ക് പോകാന്‍ സാധിക്കാതെ മലയാളി യുവാവ് നാട്ടില്‍ കുടുങ്ങി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്നുള്ള ശസ്ത്രക്രിയയ്ക്കിടെ എടുത്തുവെച്ച തലയോട്ടിയുടെ ഒരുഭാഗം കൂട്ടിച്ചേര്‍ക്കാന്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് രാജേഷ് എന്ന വടകരക്കാരന്‍.

കൃത്രിമമായി തലയോട്ടിയുടെ ഭാഗം വെച്ചുപിടിപ്പിക്കാനുള്ള സാധ്യത തേടുകയാണ് അദ്ദേഹം. അല്പം ചെലവേറിയ രീതിയാണെങ്കിലും ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ല വടകര കൂട്ടങ്ങാരത്തെ കപ്ലിക്കണ്ടിയില്‍ രാജേഷിന്. 2019 ഡിസംബര്‍ 21നാണ് രാജേഷിന് പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഇടതുവശം തളര്‍ന്നത്. കിങ് അഹമ്മദ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെത്തിച്ച് പിറ്റേന്നുതന്നെ ശസ്ത്രക്രിയ നടത്തി. മസ്തിഷ്‌കാഘാതം ഉണ്ടാകുമ്പോള്‍ തലച്ചോറില്‍ നീര്‍ക്കെട്ടും മറ്റുമുണ്ടാകാം.

ഇത് തലച്ചോറിനെ ഞെരുക്കുകയും ജീവന്‍തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകാം. ഇതൊഴിവാക്കാനാണ് ‘ഡികംപ്രസീവ് ക്രാനിയോടോമി’ എന്ന ശസ്ത്രക്രിയയിലൂടെ തലയോട്ടിയുടെ ഭാഗം എടുത്തുമാറ്റുന്നത്. പിന്നീട് നീര്‍ക്കെട്ട് കുറയുന്നതിനനുസരിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി ഈ ഭാഗം തുന്നിപ്പിടിപ്പിക്കും.

എടുത്തുമാറ്റുന്ന ഭാഗം രോഗിയുടെ വയറിന്റെ ഭാഗത്തായി തൊലിക്കടിയില്‍ ഒരു പോക്കറ്റുണ്ടാക്കി സൂക്ഷിക്കുകയാണ് പതിവ്. രാജേഷിന്റെ കാര്യത്തില്‍ അതുസാധിച്ചില്ല. ആശുപത്രിയില്‍ത്തന്നെ ഫ്രീസ് ചെയ്തുസൂക്ഷിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ ഫെബ്രുവരി മൂന്നിനാണ് വിദഗ്ധചികിത്സയ്ക്കായി രാജേഷ് നാട്ടിലെത്തിയത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കുറച്ചുദിവസം കിടന്നു. ഇടതുവശം ഇപ്പോഴും തളര്‍ന്ന നിലയിലാണ്. ഫിസിയോതെറാപ്പി ചെയ്തശേഷം കുറെ മെച്ചപ്പെട്ടിട്ടുണ്ട്. നാട്ടിലേക്ക് വരുമ്പോള്‍ ആശുപത്രി അധികൃതര്‍ പറഞ്ഞത് രണ്ടു മാസത്തിനുശേഷം തിരിച്ചെത്തി തലയോട്ടിയുടെ ഭാഗം ചേര്‍ക്കണമെന്നാണ്. ആ സമയം കഴിഞ്ഞു.

പ്രമുഖരായ ന്യൂറോ സര്‍ജന്മാരില്‍നിന്ന് ബന്ധുക്കളും രാജേഷിന്റെ സുഹൃത്തുക്കളും ഉപദേശം തേടിയിട്ടുണ്ട്. ടൈറ്റാനിയം പ്ലേറ്റുകൊണ്ട് ഈ ഭാഗം കൃത്രിമമായി നിര്‍മിച്ചുവെക്കാന്‍ സാധിക്കും. ആദ്യം അളവിനനുസരിച്ച് ഇത് നിര്‍മിക്കണം. പിന്നെ ശസ്ത്രക്രിയ. ഇതിനകംതന്നെ ചികിത്സയ്ക്ക് നല്ലൊരു തുക ചെലവായിട്ടുണ്ട്.

അച്ചനും അമ്മയും ഭാര്യയും രണ്ടുപെണ്‍മക്കളുമുള്ള കുടുംബത്തിന്റെ ആശ്രയമാണ് രാജേഷ്. 2014ല്‍ രാജേഷിന്റെ അച്ഛന്‍ രാജനും പക്ഷാഘാതം വന്ന് തളര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയും തുടരുന്നുണ്ട്. ലോക്ഡൗണ്‍ ഇല്ലാതിരുന്നെങ്കില്‍ വിദേശത്തുപോയി ചെലവില്ലാതെ ശസ്ത്രക്രിയ നടത്താന്‍ കഴിയുമായിരുന്നു. അവിടെ ഇന്‍ഷുറന്‍സുണ്ട്. ആ അവസരം നഷ്ടമായതോടെ ഈ കുടുംബത്തെ വലിയ ബാധ്യതയാണ് കാത്തിരിക്കുന്നത്.