അമേരിക്കയിൽ ആരാധനാലയങ്ങൾ ഉടൻ തുറന്നു കൊടുക്കണമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : അമേരിക്കയിലെ ആരാധനാലയങ്ങൾ ഉടൻ തുറന്നു കൊടുക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. ഇതുമായി സംബന്ധിച്ച് ഉത്തരവ് സംസ്ഥാന ഗവർണർമാർക്കു ട്രംപ് നൽകി. പള്ളികൾ, സിനഗോഗുകൾ, മോസ്ക്കുകൾ തുടങ്ങിയ ആരാധനാലയങ്ങൾ അവശ്യ സേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ആരാധനാലയങ്ങൾ ഈ ആഴ്ച ആവസാനത്തോടെ തന്നെ വീണ്ടും തുറക്കാൻ ഗവർണർമാർ അനുമതി നൽകണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അധികാരം പ്രയോഗിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തുന്ന ഇടങ്ങളാണ് ആരാധനാലയങ്ങളെന്നും അമേരിക്കക്ക് ഇപ്പോള്‍ കൂടുതല്‍ പ്രാര്‍ഥന ആവശ്യമുള്ള സമയമാണെന്നും ട്രംപ് പറഞ്ഞു.

ദൈവാലയങ്ങൾ തുറക്കാൻ യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ’ ശക്തമായ ശുപാർശ നടത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. ഇതോടെ ദൈവാലയങ്ങളുടെ സേവനം ഒരു അവശ്യസർവീസായി മാറ്റാനാണ് ഭരണകൂടം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദൈവാലയങ്ങൾ എത്രയും പെട്ടന്ന് തുറന്ന് പ്രവർത്തിക്കണമെന്ന തന്റെ ആഗ്രഹം സാമൂഹ്യ, സാംസ്‌കാരിക നേതാക്കന്മാരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളിൽ ട്രംപ് ഉയർത്തികാട്ടിയിരുന്നു.

ആളുകൾ ദൈവാലയത്തിനുള്ളിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമിക്കുന്ന രംഗം താൻ മുൻപ് കണ്ടിരുന്നു. നശിപ്പിക്കാനോ മോഷ്ടിക്കാനോ അല്ല അവർ അങ്ങനെ ചെയ്തത്, മറിച്ച് അവിടെയായിരിക്കാൻ അവർ ആഗ്രഹിക്കുന്നതിനാലാണ്,’ അദ്ദേഹം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്താണ് ദൈവാലയങ്ങൾ ആവശ്യസേവനമായി പ്രഖ്യാപിച്ച് തുറന്നുപ്രവർത്തിക്കാൻ ട്രംപ് നിർദ്ദേശിച്ചത്.