ട്രംപിൻ്റെ വെളിപെടുത്തൽ; ദിവസേന ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നു; കൊറോണ പ്രതിരോധിക്കാൻ

വാഷിംഗ്ടൺ: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിഞ്ഞ ഒരാഴ്ചയായി താൻ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്നു അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ഹൈഡ്രോക്സിക്ലോറോക്വിൻ അനുയോജ്യമല്ലെന്ന് അമേരിക്കൻ ഡോക്ടർമാർ തന്നെ പറയുമ്പോഴാണ് പ്രസിഡന്റ് ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ദിവസവും താൻ ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികയിലൊന്ന് കഴിക്കാറുണ്ടെന്നും ഇത് നല്ലതാണെന്നാണ് താൻ കരുതുന്നതെന്നും മരുന്നിനെപ്പറ്റി ശുഭകരമായ പല വാർത്തകളും താൻ കേട്ടതിനാലാണ് മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപ് വിശദീകരിക്കുന്നത്.

ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കുന്നതിന് തന്റെ വൈറ്റ് ഹൌസ് ഫിസിഷ്യൻ അംഗീകരിച്ചതായി ട്രംപ് പറഞ്ഞു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ‘നിങ്ങൾക്ക് എന്തു തോന്നുന്നു ഞാൻ ഈ മരുന്നു ഉപയോഗിക്കുന്നതിലെന്നു അദ്ദേഹം പറഞ്ഞു, ‘നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഉപയോഗിച്ചോളൂയെന്നു അതുകൊണ്ട് ഞാൻ ഉപയോഗിക്കുന്നു എന്നാണ് ട്രംപ് പറയുന്നത്.

അതേസമയം നിലവിൽ ട്രംപിന്റെ കൊറോണ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്. കൊറോണ വൈറസ്‌ പിടിപെട്ടതിനു സമാനമായ ലക്ഷണങ്ങൾ ഒന്നുംതന്നെയില്ല. എന്നാൽ പ്രതിരോധത്തിന്റെ ഭാഗമായാണ് താൻ മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം.

മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കൊറോണ വൈറസ് രോഗികളിൽ പ്രയോജനപ്പെടുന്നില്ലയെന്നു ചില ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് ട്രംപ് ശ്രമിക്കുന്നത്.