ഒബാമ പ്രാപ്തിയില്ലാത്ത ഒന്നിനും കൊള്ളാത്ത പ്രസിഡൻ്റായിരുന്നു ; തിരിച്ചടിച്ച് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ വിമർശനത്തിന് മറുപടിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ കൊറോണ വ്യാപനം നിയന്ത്രിക്കാൻ സാധിക്കാത്തത് പ്രസിഡന്റിന്റെ കഴിവില്ലായ്മയാണെന്ന് ഒബാമ പറഞ്ഞിരുന്നു. ഒബാമയുടെ ഈ വിമർശനത്തിനെതിരെയാണ് ട്രംപ് രംഗത്ത് എത്തിയിരിക്കുന്നത്. ഒബാമ ഒന്നിനും കൊള്ളാത്തൊരു പ്രസിഡന്റ്‌ ആണെന്നാണ് ട്രംപ് വിമർശനങ്ങൾക്ക് എതിരെ പറഞ്ഞത്.

ഒബാമ പ്രാപ്തിയില്ലാത്ത ഒരു പ്രസിഡന്റായിരുന്നു. തികച്ചും ഒന്നിനും കൊള്ളാത്ത പ്രസിഡന്റ്, എനിക്ക് പറയാൻ കഴിയുന്നത് അത്രയേ ഉള്ളൂ’ വൈറ്റ്ഹൗസിൽ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് ട്രംപ് പറഞ്ഞു.

കൊറോണ വൈറസ്‌ പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരിൽ പലരും പ്രവർത്തിക്കുന്നില്ലെന്നു മാത്രമല്ല അതിന് ഉത്തരവാദപ്പെട്ട ആളാണെന്ന് ഭാവിക്കുകപോലും ചെയ്യുന്നില്ലെന്ന് ഒബാമ കുറ്റപ്പെടുത്തി. യുഎസിൽ രോഗവ്യാപനത്തിന്റെ പ്രധാനകാരണം ഭരണകൂടത്തിന്റെ പരാജയമാണെന്നും ഒബാമ പറഞ്ഞിരുന്നു.

ട്രംപിനെതിരെ രണ്ടാം തവണയാണ് വിമർശനങ്ങളുമായി ഒബാമ രംഗത്ത വരുന്നത്. കൊറോണ പ്രതിസന്ധിയെ പ്രസിഡന്റ് ട്രംപ് കൈകാര്യം ചെയ്യുന്ന രീതിയെ മഹാദുരന്തം എന്നായിരുന്നു ഒബാമയുടെ ആദ്യ വിമർശനം.