അമേരിക്കയിൽ ആധുനിക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ശൈത്യകാലം; രക്ഷപ്പെടാനുള്ള അവസാനത്തെ വഴിയും അടയുന്നു; വാക്‌സിന്‍ വിദഗ്ധൻ റിക്ക് ബ്രൈറ്റ്

വാഷിംഗ്ടൺ : ആധുനിക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ശൈത്യകാലമാകാം ഇനി അമേരിക്ക അഭിമുഖീകരിക്കുന്നതെന്ന് വാക്‌സിന്‍ വിദഗ്ധനായ റിക്ക് ബ്രൈറ്റ്. കൊറോണ വാക്സിൻ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തു നിന്നും കഴിഞ്ഞ മാസമാണ് റിക്ക് ബ്രൈറ്റിനെ പുറത്താക്കിയത്.

കൊറോണ മഹാമാരിയില്‍ നിന്നും രക്ഷപ്പെടാനുള്ള അവസാനത്തെ വഴിയും അമേരിക്കക്ക് മുന്നില്‍ അടയുകയാണെന്നും ഇനിയും നമ്മള്‍ കാര്യക്ഷമമായി പ്രതികരിച്ചില്ലെങ്കില്‍ ഈ മഹാമാരി കൂടുതല്‍ അപകടകാരിയാവുകയും കാര്യങ്ങള്‍ കൈവിട്ടുപോവുകയും റിക്ക് പറഞ്ഞു. പ്രത്യേകിച്ച് നടപടികളുണ്ടായില്ലെങ്കില്‍ ആധുനിക ചരിത്രത്തിലെ അമേരിക്കയുടെ ഏറ്റവും ഇരുണ്ട മഞ്ഞുകാലമാകും 2020ലേതെന്നും റിക്ക് ബ്രൈറ്റ് ഓര്‍മ്മിപ്പിച്ചു.

വൈറസിനെ പ്രതിരോധിക്കാനായുള്ള ഒരു , കേന്ദ്രീകൃത, ഏകോപിത പദ്ധതി നടപ്പാക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടതിന് ബ്രൈറ്റ് വിമർശിക്കുകയും ഒരു വാക്സിനിനുള്ള സമയക്രമത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ റിക്ക് ബ്രൈറ്റ് അസംതൃപ്തനായ’ ഉദ്യോഗസ്ഥനെന്നാണ് ട്രംപ് ട്വിറ്ററിലൂടെ പരസ്യമായി ഇദ്ദേഹത്തെ വിമര്‍ശിച്ചത്.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പോലുള്ള ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത മരുന്നുകള്‍ക്ക് പണം ചിലവാക്കുന്നതിനെ താന്‍ എതിര്‍ത്തിരുന്നു. ഇത് മേലധികാരികള്‍ കേള്‍ക്കാതെ വന്നതോടെ എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തു. ഇതോടെയാണ് തന്നെ പുറത്താക്കിയതെന്നാണ് റിക്ക് ആരോപിക്കുന്നത്.
കൂടാതെ ട്രംപ് സര്‍ക്കാര്‍ തുടക്കത്തില്‍ കൊറോണ പ്രതിരോധത്തിൽ നടപടിയെടുക്കുന്നതില്‍ വരുത്തിയ കാലതാമസമാണ് വൈറസ്‌ ബാധ അമേരിക്കയില്‍ ഇത്ര രൂക്ഷമാക്കിയതെന്നും റിക്ക് ആരോപിച്ചു. എന്നാൽ ശക്തമായ ഭാഷയിലാണ് റിക്കിന്റെ ആരോപണങ്ങളോട് ട്രംപ് പ്രതികരിച്ചത്.റിക്ക് ജോലി ശരിക്ക് ചെയ്തില്ലെന്നാണ് പലരും പറഞ്ഞത്’ എന്നാണ് ട്രംപ് റിക്കിനെക്കുറിച്ച് പറഞ്ഞത്.