കൊറോണാ വൈറസിനെ ഇല്ലാതാക്കാൻ കഴിയില്ല; എച്ച്‌ഐവി പൊലെ തുടരും; ലോകാരോഗ്യ സംഘടന

ജനീവ :ഭൂമിയിൽ നിന്നും കൊറോണാ വൈറസിനെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നും എച്ച്‌ഐവി വൈറസ് പൊലെ കൊറോണയും ഒരു പകർച്ചവ്യാധിയായി തുടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസീസ് പ്രോഗ്രാം ഡയറക്ടർ മൈക്കിൽ റയാൻ്റെ മുന്നറിയിപ്പ്.

എച്ച്ഐവി വൈറസിനെ ഒരിക്കലും ലോകത്ത് നിന്നും ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ എച്ച്ഐവി ബാധിതർക്ക് കൂടുതൽ കാലം ആരോഗ്യകരമായി ജീവിക്കാനുള്ള വഴികൾ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ എന്തെങ്കിലും മാത്രമേ കൊറോണ വൈറസിന് പരിഹാരമായി നിർദേശിക്കാൻ സാധിക്കു. രോഗം എപ്പോൾ എങ്ങനെ അപ്രത്യക്ഷമാകുമെന്ന് ഞങ്ങൾക്കറിയില്ല. ആവശ്യമുള്ള എല്ലാവർക്കും വിതരണം ചെയ്യാൻ കഴിയുന്ന വളരെ ഫലപ്രദമായ ഒരു വാക്സിൻ കണ്ടെത്തുക എന്നത് മാത്രമേ ഇനി ചെയ്‌യാനുള്ളു എന്നാണ് റയാൻ പറയുന്നത്.

ആദ്യമായിയാണ് ഒരു പുതിയ വൈറസ് ബാധയേറ്റു ഇത്രേയുമധികം ആളുകൾ മരിക്കുന്നത്.
അതുകൊണ്ട് തന്നെ എപ്പോൾ ഇതിനെ മറികടക്കുമെന്ന് പ്രവചിക്കാൻ വളരെ പ്രയാസമാണെന്നും റയാൻ പറഞ്ഞു. കൂടാതെ കൊറോണ വൈറസ് പ്രതിസന്ധി ആരംഭിച്ചതു മുതൽ പകുതിയിലധികം മനുഷ്യരാശിയും ഏതെങ്കിലും തരത്തിലുള്ള ലോക് ഡൗണിനു വിധേയമായിട്ടുണ്ട്. എന്നാൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് രണ്ടാം തരംഗ അണുബാധയ്ക്ക് കാരണമാകില്ലെന്ന് ഉറപ്പ് നൽകാൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷം അവസാനം ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇത് 4.2 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ലോകമെമ്പാടുമായി 3,00,000 പേരെ കൊല്ലുകയും ചെയ്തു.