ട്വിറ്റർ ജീവനക്കാർക്ക് ജോലി; ലോക് ഡൗണിനു ശേഷവും വീട്ടിലിരുന്ന്

സാൻഫ്രാൻസിസ്കോ: ലോക് ഡൗണിനു ശേഷവും വീട്ടിലിരുന്നുകൊണ്ട് തന്നെ സ്ഥിരമായിജോലി ചെയ്യുവാൻ ജീവനക്കാർക്ക് അനുമതി നൽകികൊണ്ട് ട്വിറ്റർ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടുമിക്ക ഐ‌ടി കമ്പനികളും തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്നു ജോലി ചെയ്യുവാനുള്ള നിർദേശമാണ് നൽകിയിരുന്നത്. ഇതും പ്രകാരം കഴിഞ്ഞ നാലഞ്ചുമാസമായി ജീവനക്കാർ വീട്ടിലിരുന്നുകൊണ്ടാണ് തങ്ങളുടെ ജോലികൾ ചെയ്തു വരുന്നത്. എന്നാൽ ഇപ്പോൾ ടെക് ലോകത്തെ തന്നെ അമ്പരപ്പിച്ചുകൊണ്ടുള്ള തീരുമാനവുമായാണ് ട്വിറ്ററിൽ രംഗത്ത എത്തിയിരിക്കുന്നത്.

ഈ രീതിയിൽ ജോലി ചെയ്യാനാകുമെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾ തെളിയിച്ചതാണ്. ഞങ്ങളുടെ ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പ്രാപ്തരാണെങ്കിൽ അവർ എന്നെന്നേക്കുമായി ഇത് തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഞങ്ങൾ നടപ്പാക്കും.’ എന്നാണ് ട്വിറ്റർ അറിയിച്ചത്.

ഓഫീസുകൾ സെപ്റ്റംബറിനു മുന്നേ തുറക്കില്ലെന്നും വീണ്ടും തുറക്കുന്നത് ശ്രദ്ധാപൂർവ്വവമായിരിക്കുമെന്നും അത് നിലവിലെ രീതിയനുസരിച്ചായിരിക്കില്ലെന്നും ട്വിറ്റർ അറിയിച്ചു.

ഈവർഷം അവസാനംവരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്ബുക്കും നേരത്തെ അറിയിച്ചിരുന്നു. ഫേസ്ബുക്കിനെ കൂടാതെ ഗൂഗിളും വർഷാവസാനം വരെ ടെലിവർക്ക് അനുവദിക്കുമെന്ന് വാർത്ത അടുത്തിടെ വന്നിരുന്നു.