കൊടുങ്കാറ്റായി കൊറോണ ; മരണസംഖ്യ മൂന്നു ലക്ഷത്തിലേക്ക്

വാഷിംഗ്ടണ്‍: കൊറോണ ബാധിതരും മരണങ്ങളും വിദഗ്ധരുടെ വിലയിരുത്തലുകൾ തകർത്ത് കുതിച്ചുയരുന്നു. നിലവിലെ സാഹചര്യത്തിൽ കൊറോണയെ പ്രതിരോധിക്കാൻ കൂടുതൽ ചികിത്സാ മാർഗങ്ങൾ ആരാഞ്ഞ് ലോകാരോഗ്യ സംഘടന കൂടുതൽ സജീവമായി രംഗത്തിറങ്ങി.

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. 4,336,895 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്(292,369). ഇതുവരെ 1,596,521 ആളുകള്‍ രോഗമുക്തി നേടി.അമേരിക്കയിൽ കൊറോണ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1489 പേർ മരിച്ചപ്പോള്‍ 22,239 പേര്‍ക്ക് കൂടി കൊറോണ പോസിറ്റീവായി. ഇതുവരെ 83,368 പേരാണ് അമെരിക്കയില്‍ മരിച്ചത്. സ്പെയിനിൽ മരണം 27,000ലേക്ക് അടുക്കുകയാണ്. റഷ്യയിൽ 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേർക്ക് കൊറോണ സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ ബ്രസീലില്‍ 779 പേരും യുകെയില്‍ 627 പേരും ഫ്രാന്‍സില്‍ 348 പേരും കാനഡയില്‍ 176 പേരും ഇറ്റലിയില്‍ 172 പേരും മരണപ്പെട്ടു.

ആദ്യഘട്ടത്തിൽ രോഗ വ്യാപനത്തിലും മരണസംഖ്യയിലും മുന്നിലായിരുന്ന ഇറ്റലിയിൽ കൊറോണ രോഗത്തിന് ചെറിയൊരു ശമനമുണ്ടായിട്ടുണ്ട്.