ലോക്ക്ഡൗൺ അനിശ്ചിതമായി നീട്ടികൊണ്ടു പോകാനാകില്ല; ഇളവുകളുമായി ബോറിസ് ജോൺസൺ

ലണ്ടന്‍: ലോക്ക്ഡൗൺ അനിശ്ചിതമായി നീട്ടികൊണ്ടു പോകാനാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ‌​ഉപാധികളോടെ സമ്പദ്​വ്യവസ്ഥ തുറന്നു കൊടുക്കുന്ന പദ്ധതി പ്രഖ്യാപിച്ചാണ് ജോണ്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബുധനാഴ്​ച മുതല്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്ക്​ കൂടുതല്‍ ഇളവുകള്‍ ലഭിക്കും. വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നവര്‍ക്ക്​ ഓഫീസുകളിലേക്ക്​ മടങ്ങാമെന്ന്​ ജോണ്‍സണ്‍ അറിയിച്ചു. എന്നാല്‍, പൊതുഗതാഗതം ഒഴിവാക്കണം.

അഞ്ച്​ ഘട്ടമായി ലോക്​ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കും. ഇതി​ൻ്റ അടുത്ത ഘട്ടം ജൂണ്‍ ഒന്നിന്​ മുമ്പായി ഉണ്ടാകും. ഈ ഘട്ടത്തില്‍ വിദ്യാലയങ്ങള്‍ ഭാഗികമായി തുറക്കും.

ജൂലൈ ഒന്നിന്​ ശേഷം ചില പൊതു ഇടങ്ങള്‍ തുറന്നു കൊടുക്കു​മെന്നും ഹോട്ടലുകള്‍ക്ക്​ അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക്​ കൂടുതല്‍ പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.