വാഷിംഗ്ടണ്‍: അമേരിക്കയിലെ കൊറോണ പ്രതിസന്ധിയെ യുഎസ് ഭരണകൂടവും ട്രംപും കൈകാര്യം ചെയ്ത രീതിയെ ‘സമ്പൂര്‍ണ്ണ ദുരന്തം’ എന്ന് നിശിതമായി വിമർശിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ.
തന്റെ ഭരണകാലയളവിലെ വൈറ്റ് ഹൗസിൽ ജോലി ചെയ്ത ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഒബാമയുടെ രൂക്ഷമായ പ്രതികരണം.
എറ്റവും മികച്ച സർക്കാരിന്റെ കീഴിലും സ്ഥിതി മോശമായേനെ. എന്നാൽ ഇതിൽ എനിക്കെന്തു കിട്ടും എന്നും മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും പ്രശ്നമല്ല എന്നുമുള്ള ചിന്താഗതി സർക്കാർ നടപ്പാക്കുന്നത് സമ്പൂര്‍ണ്ണ ദുരന്തമാണെന്ന് ഒബാമ പറഞ്ഞു.
നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനു വേണ്ടി കൂടുതൽ പങ്ക് തനിക്ക് വഹിക്കാനുണ്ടെന്നും ഒബാമ വ്യക്തമാക്കി.
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1,347,309 ആയി. എന്നാൽ, ന്യൂ യോർക്ക്, ന്യൂ ജേഴ്സി എന്നീ തീവ്രബാധിത സംസ്ഥാനങ്ങളിൽ നിന്ന് മെച്ചപ്പെട്ട കണക്കുകളാണ് ഇന്ന് പുറത്തുവന്നത്. അതേസമയം അമേരിക്കയിൽ നിന്നുള്ള ആദ്യ വിമാന സർവീസ് ഇന്ന് പുറപ്പെടും.