പ്രവാസി മലയാളികൾ ഇന്ന് മുതൽ ജന്മനാട്ടിലെത്തും; നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും വിമാനങ്ങളിറങ്ങും

ന്യൂഡെൽഹി: പ്രവാസികൾ ഇന്ന് മുതൽ തിരികെ എത്തിത്തുടങ്ങും. ഇനി സ്വീകരിക്കാം, അവരെ, ഇരു കൈയും നീട്ടി. പ്രവാസികളുടെ ആദ്യസംഘം ഇന്ന് നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും എത്തും. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കരിപ്പൂരിലേക്കുമാണ് ഇന്ന് വിമാനങ്ങളെത്തുക.
ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലുള്ള പ്രവാസികളെ തിരിച്ചു നാട്ടിലേക്ക് എത്തിക്കുന്നത്.
വന്ദേ ഭാരത്’ എന്നാണ് ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്.
വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എട്ട് വിമാനങ്ങൾ ആണ് പ്രവാസി ഇന്ത്യക്കാരുമായി പറന്നെത്തുന്നത്. റിയാദ് കോഴിക്കോട് വിമാനം വെള്ളിയാഴ്ചത്തേക്കും, ദോഹ കൊച്ചി സര്‍വ്വീസ് ശനിയാഴ്ചത്തേക്കും അവസാനനിമിഷം മാറ്റിയത് ആശയക്കുഴപ്പമായെങ്കിലും കണ്ണൂരിലേക്കും വിമാനം അനുവദിച്ചിട്ടുണ്ടെന്നത് ആശ്വാസമാണ്.

ഇന്ന് രാത്രി 9.40 ഓടുകൂടി അബുദാബിയിൽ നിന്ന് കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് 177 പേരുമായി പറന്നിറങ്ങും. ദുബായിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 170 പേരുമായി 10.30 ഓടുകൂടി എത്തും.

നെടുമ്പാശ്ശേരിയിൽ 179-ഉം കരിപ്പൂരിൽ 189-ഉം പ്രവാസികളാണ് എത്തുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളിൽ നിരീക്ഷണത്തിൽ കഴിയാൻ ഹോട്ടൽ സൗകര്യം വേണ്ടവർക്ക് പണം ഈടാക്കി അത് നൽകും. മറ്റുള്ളവർക്കായി സർക്കാർ സൗജന്യമായി ഒരുക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി.

അതേസമയം കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് യാത്രക്കാരെ കൊണ്ടുവരുന്നത്. യാത്രക്കാർ അഞ്ചുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തി റിപ്പോർട്ട്‌ ചെയ്യുകയും വൈറസ് പരിശോധന നടത്തുകയും ചെയ്യണം. പരിശോധനാഫലം നെഗറ്റീവ് ആകുന്നവർക്ക് മാത്രമാണ് വിമാനത്തിനുള്ളിലേക്ക് പ്രവേശനാനുമതി നൽകിയിട്ടുള്ളത്. പനി, ചുമ, ജലദോഷം തുടങ്ങി പ്രത്യക്ഷ രോഗലക്ഷണങ്ങളുള്ളവർക്കും യാത്രാനുമതി നൽകില്ല. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് മുഖാവരണം, ഗ്ളൗസ്, അണുനാശിനി എന്നിവയടക്കം ഉൾപ്പെടുന്ന സുരക്ഷാക്കിറ്റുകൾ വിതരണം ചെയ്യും. യാത്രക്കാരെല്ലാം മാസ്ക്കും ഗ്ലൗസും നിർബന്ധമായും ധരിച്ചിരിക്കണം. ഈ സുരക്ഷ സംവിധാങ്ങളോട് കൂടി മാത്രമേ യാത്രക്കാരെ വിമാനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കൂ.