കൊച്ചി : പ്രവാസികളുമായി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്നും നാളെ അബുദാബിയില്‍ നിന്നുള്ള ഒരു വിമാനം മാത്രമാണ് എത്തുക. വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാന്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വന്നതോടെയാണിത്. നാളെ രാത്രി 9.25 ന് ശേഷമാണ് വിമാനം എത്തുക.
നാളെ രാത്രി 10.15 ന് എത്തുമെന്ന് അറിയിച്ചിരുന്ന ദോഹയില്‍ നിന്നുള്ള വിമാനത്തിന്റെ സമയം മാറ്റി. ദോഹയില്‍ നിന്നുള്ള വിമാന സര്‍വീസ് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വിമാനജീവനക്കാര്‍ക്ക് കൊറോണ ടെസ്റ്റ് നടത്തേണ്ടതിനാലാണ് ഷെഡ്യൂള്‍ മാറുന്നത് എന്നാണ് സൂചന. ദുബായില്‍ നിന്നും കോഴിക്കോട്ടേക്കും അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കും പുറപ്പെടുന്ന വിമാനത്തിന്റെ സമയത്തില്‍ മാറ്റമില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
189 സീറ്റുകളുള്ള എയര്‍ ഇന്ത്യയുടെ 737 ബോയിങ് വിമാനമാണ് പ്രവാസികളെ കൊണ്ടുവരാനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ സാമൂഹിക അകലം അടക്കം പരിഗണിച്ച് പരമാവധി 160 ഓളം പേരെ മാത്രമേ കയറ്റാനാകൂ എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. നേരത്തെ 200 ഓളം യാത്രക്കാര്‍ ഓരോ സര്‍വീസിലും ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.
അതേസമയം മടങ്ങുന്ന പ്രവാസികള്‍ക്ക് കൊറോണ സ്രവപരിശോധന ഉണ്ടാകില്ല. പിസിആര്‍ ടെസ്റ്റ് ഉണ്ടാകില്ലെന്നും, വിമാനത്തില്‍ കയറ്റും മുമ്പ് റാപ്പിഡ് ടെസ്റ്റും തെര്‍മല്‍ സ്ക്രീനിങും നടത്തുമെന്നാണ് അറിയിപ്പ്. സൗകര്യം ലഭ്യമാണെങ്കില്‍ പിസിആര്‍ ടെസ്റ്റിന് എംബസികള്‍ക്ക് തീരുമാനിക്കാം എന്നാണ് തീരുമാനം.