കൊറോണ മണത്ത് കണ്ടുപിടിക്കും; അമേരിക്കയിലും ബ്രിട്ടണിലും ലാബ്രഡോര്‍

ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെ മണത്ത് കണ്ടുപിടിക്കുന്നതിന് അമേരിക്കയിലും ബ്രിട്ടണിലും നായകളെ പരിശീലിപ്പിച്ചു തുടങ്ങി. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട എട്ടു നായകളെയാണ് ഇതിനായി പരിശീലിപ്പിക്കുന്നത്. കൊറോണ വൈറസിനെ മണത്ത് കണ്ടുപിടിക്കാന്‍ നായകള്‍ക്ക് സാധിക്കുമോ എന്നാണ് ഗവേഷണത്തിലൂടെ ശാസ്ത്രജ്ഞര്‍ നോക്കുന്നത്. ഇതില്‍ അനുകൂല ഫലം ഉണ്ടായാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുതിയ ഒരു കാല്‍വെയ്പ് ആകുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

കോവിഡ് വ്യാപനം തടയുന്നതിന് ലോകം വിശ്രമമില്ലാതെ ജോലി ചെയ്യവേ, കൊറോണ വൈറസ് നിര്‍ണയത്തില്‍ നായകളുടെ സാധ്യത തേടുകയാണ് അമേരിക്കയും ബ്രിട്ടണും.

കൊറോണ വൈറസിനെ മണത്തു കണ്ടുപിടിക്കുന്നതിന് അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാല നായകളെ പരിശീലിപ്പിക്കുന്നത് ആരംഭിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

സമാനമായ പരിശീലനമാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിലിനും നടക്കുന്നത്. മനുഷ്യനിലുളള മലേറിയ അണുബാധ കണ്ടെത്താന്‍ നായകള്‍ക്ക് സാധിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിനെ മണത്തു കണ്ടുപിടിക്കാന്‍ നായകള്‍ക്ക് സാധിച്ചാല്‍ വലിയ നേട്ടമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.