പുര കത്തുമ്പോൾ വാഴവെട്ടി ട്രംപ്‌ : അമേരിക്കയിൽ മരണം 70,000 ആകും ; മരണസംഖ്യ കുറച്ച തന്നെ വിജയിപ്പിക്കുമെന്ന്

വാഷിംഗ്ടൺ: അമേരിക്കയിൽ കൊറോണ മരണം 70,000 ആയേക്കുമെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. മരണസംഖ്യ ഇത്രയും കുറയ്‌ക്കുന്ന തന്നെ നവംബറിലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിജയിപ്പിക്കുമെന്നും ട്രംപ്‌ പ്രതീക്ഷ പ്രകടിപ്പിച്ചു. മരണസംഖ്യ 60,000ൽ ഒതുങ്ങുമെന്ന്‌ മുമ്പ്‌ ട്രംപ്‌ പറഞ്ഞിരുന്നു. 22 ലക്ഷം പേർ മരിക്കേണ്ടതാണെങ്കിലും താൻ സ്വീകരിച്ച നടപടികൾമൂലം മരണം രണ്ട്‌ ലക്ഷത്തിനപ്പുറം പോകില്ലെന്നും അതിനുമുമ്പ്‌ പറഞ്ഞിരുന്നു.

വൈറ്റ്‌ഹൗസ്‌ വാർത്താസമ്മേളനത്തിലാണ്‌ ട്രംപ്‌ പുതിയ മരണകണക്ക്‌ അവതരിപ്പിച്ചത്‌. വർഷങ്ങൾ നീണ്ട വിയറ്റ്നാം യുദ്ധത്തിൽ മരിച്ചതിലധികം അമേരിക്കക്കാർ കൊറോണ ബാധിച്ച്‌ ആഴ്‌ചകൾക്കിടെ മരിച്ചാൽ പ്രസിഡന്റ്‌ വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ അർഹനാണോ എന്ന്‌ ലേഖകർ ചോദിച്ചപ്പോഴാണ്‌ താൻ മരണസംഖ്യ കുറയ്‌ക്കുകയാണെന്ന്‌ ട്രംപ്‌ അവകാശപ്പെട്ടത്‌.

വേനലവധിക്കുമുമ്പ്‌ ഈ അധ്യയനവർഷംതന്നെ സർക്കാർ സ്‌കൂളുകൾ തുറക്കുന്നത്‌ ആലോചിക്കണം എന്ന്‌ ട്രംപ്‌ ഗവർണർമാരോട്‌ നടത്തിയ ഫോൺസംഭാഷണത്തിൽ നിർദേശിച്ചു. എന്നാൽ, ഒരു ഗവർണറും ഇതിനോട്‌ പ്രതികരിച്ചില്ലെന്ന്‌ അസോസിയറ്റഡ്‌ പ്രസ്‌ റിപ്പോർട്ട്‌ ചെയ്‌തു. തിടുക്കത്തിൽ സ്‌കൂളുകൾ തുറക്കുന്നത്‌ ദോഷമാകുമെന്ന്‌ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ അധികൃതരും അധ്യാപക സംഘടനകളും പ്രതികരിച്ചു.

സ്‌കൂളുകളടക്കം ഏഴുതരം സ്ഥാപനങ്ങൾ തുറക്കുന്നതിന്‌ ആവശ്യമായ മാർഗനിർദേശങ്ങൾ രോഗനിയന്ത്രണ കേന്ദ്രം (സിഡിസി) വൈറ്റ്‌ഹൗസിന്‌ സമർപ്പിച്ചിട്ടുണ്ട്‌. ക്യാമ്പുകൾ, ശിശുപരിചരണകേന്ദ്രങ്ങൾ, മതസ്ഥാപനങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, തൊഴിൽസ്ഥലങ്ങൾ, ബാറുകളും റസ്‌റ്റോറന്റുകളും എന്നിവയാണ്‌ മറ്റ്‌ ആറുതരം സ്ഥാപനങ്ങൾ.

അമേരിക്കയിൽ മരണസംഖ്യയിൽ രണ്ട്‌ ദിവസമായി കുറവുണ്ട്‌. 24 മണിക്കൂറിൽ ഏകദേശം 1400 പേർ മരിച്ചതായാണ്‌ തിങ്കളാഴ്‌ച രാത്രി പുറത്തുവിട്ട കണക്ക്‌. 337 പേർകൂടി മരിച്ചതോടെ ന്യൂയോർക്കിലെ മരണസംഖ്യ 22,623 ആയി. യുഎസ്‌ സംസ്ഥാനങ്ങളിൽ മരണസംഖ്യയിൽ രണ്ടാമതുള്ള ന്യൂജേഴ്‌സിയിൽ 106 പേർകൂടി മരിച്ചതോടെ ആകെ 6044. രാജ്യത്താകെ 56,803 പേരാണ്‌ തിങ്കളാഴ്‌ചവരെ മരിച്ചത്‌