നാവിക സേനയുടെ മൂന്ന് യുദ്ധക്കപ്പലുകൾ; പ്രവാസി മലയാളികളെ നാട്ടിലെത്തിക്കും; ആറ് ടാങ്ക് ലാൻഡിങ് കപ്പലുകളും റെഡി

ന്യൂഡെൽഹി: പ്രവാസി മലയാളിലെ നാട്ടിലെത്തിക്കാൻ നാവികസേനയും രംഗത്ത് എത്തി. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം നാവിക സേനയുടെ മൂന്ന് യുദ്ധക്കപ്പലുകളാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി ഗൾഫ് രാജ്യങ്ങളിലേക്ക് പോകുക. ഐഎൻഎസ് ജലാശ്വ എന്ന വലിയ കപ്പലും, കുംഭിർ ക്ലാസിൽ പെട്ട രണ്ട് ടാങ്ക് ലാൻഡിങ് കപ്പലുകളുമാണ് നിലവിൽ ഈ ദൗത്യത്തിനായി പോകുന്നത്.

1,000 പേർക്ക് ഐഎൻഎസ് ജലാശ്വയിൽ സഞ്ചരിക്കാനുള്ള സൗകര്യം ഉണ്ട്. എന്നാൽ സാമൂഹ്യ അകലം പാലിക്കുന്നതിനാൽ 850 പേർക്ക് യാത്ര ചെയ്യാം. മറ്റ് രണ്ട് കപ്പലുകളിലായി നൂറുകണക്കിന് ആളുകളെ വീതം ഉൾക്കൊള്ളാനാകും.

ഈ മൂന്നു യുദ്ധ കപ്പലുകൾക്ക് പുറമെ നാവികസേനയുടെ ആറ് ടാങ്ക് ലാൻഡിങ് കപ്പലുകളിൽ കൂടി സജ്ജമായിരിക്കും. ആവശ്യമായാൽ ഇവയെയും ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ഉപയോഗിക്കാനാണ് തീരുമാനം.

ആദ്യഘട്ടത്തിൽ അടിയന്തര ആവശ്യങ്ങൾ ഉള്ള ഇന്ത്യക്കാരെ മാത്രമാണ് തിരികെ കൊണ്ടുവരുക . കുടുംബത്തിലുണ്ടായ അത്യാഹിതങ്ങൾ, ജോലി നഷ്ടപ്പെടൽ, വർക്ക് പെർമിറ്റിന്റെ കാലാവധി അവസാനിക്കൽ തുടങ്ങിയ കാരണങ്ങളുള്ള ഇന്ത്യക്കാരെ ആദ്യം നാട്ടിലെത്തിയ്ക്കും. വിവിധ ഗൾഫ് രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാരാണ് ഉള്ളത്.

അതേസമയം കപ്പലുകൾ എത്തേണ്ട തുറമുഖങ്ങൾ അനുസരിച്ച് നാല് മുതൽ അഞ്ച് ദിവസം വരെ വേണ്ടിവരും ഗൾഫിലെത്താൻ.