കൊച്ചി: ആർ.എസ്.എസിൻ്റെ പോഷക സംഘടനയായ ബാലഗോകുലത്തിലെ കുട്ടികൾ വിഷു കൈനീട്ടമായി സമാഹരിച്ച 4,630,87 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെ ചൊല്ലി ബി.ജെ.പിയിൽ കലഹം. ബി ജെ പിയിൽ കടന്നു കൂടിയ ഒരു വിഭാഗം സി പി എമ്മുകാരാണ് ഇതിന് പിന്നിലെന്ന് ഒരു വിഭാഗം ബിജെപി നേതാക്കൾ കുറ്റപ്പെടുത്തുന്നു.
സംസ്ഥാനമാകെ സന്നദ്ധ-സേവന പ്രവര്‍ത്തനത്തിന് മുന്നില്‍ നില്‍ക്കുന്ന സേവഭാരതിയെന്ന സംഘപരിവാര്‍ സംഘടനയെ പലപ്പോഴും കണ്ടില്ലെന്ന് നടിച്ച മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ബാലഗോകുലത്തിന്റെ പേര് എടുത്ത്പറയേണ്ട സാഹചര്യം ഉണ്ടായിയെന്ന് മറുവിഭാഗം പറയുന്നു.. തിരുവനന്തപുരം – 35501, കൊല്ലം – 50001, പത്തനംതിട്ട – 35500, ആലപ്പുഴ. – 200, കോട്ടയം – 93532, എറണാകുളം – 100077, ത്രിശ്ശൂര്‍ – 40910, പാലക്കാട് – 25000, മലപ്പുറം – 34795, കോഴിക്കോട് – 10000, വയനാട് – 5000, കണ്ണൂര്‍- 12771 എന്നിങ്ങനെയാണ് കൈമാറിയ തുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ബാലഗോകുലം വിഷു കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കാര്യം എടുത്തു പറഞ്ഞു.
സംഘപരിവാരിലെ കുട്ടികളുടെ സംഘടനയാണ് ബാലഗോകുലം. രാഷ്ട്രീയമായി സിപിഎമ്മും സംഘപരിവാറും വിരുദ്ധ ധ്രുവങ്ങളിലാണ്.
കേരളത്തില്‍ ഇരുസംഘടനകളും തമ്മില്‍ അക്രമവും രാഷ്ട്രീയ കൊലപാതകങ്ങളും ഒക്കെ നടക്കാറുണ്ട്. സംഘപരിവാറിന്റെ ബാലഗോകുലം മാതൃകയില്‍ സിപിഎമ്മിന് ബാലസംഘം എന്ന കുട്ടികളുടെ സംഘടനയുമുണ്ട്.
ബാലഗോകുലം കേരളീയ സമൂഹത്തിലേക്ക് കടന്ന് വന്നത് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സംസ്ഥാനവ്യാപകമായി ശോഭായാത്രകള്‍ സംഘടിപ്പിച്ചുകൊണ്ടാണ്. സമൂഹത്തില്‍ വര്‍ഗീയത പരത്തുന്നത് ബാലഗോകുലം പോലുള്ള സംഘടനകള്‍ ആണെന്ന് പലകുറി സിപിഎം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
ചില കോണ്‍ഗ്രസ് നേതാക്കളും ബാലഗോകുലത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.ബാലഗോകുലത്തിന്റെ ശോഭായാത്രകളെ വിമര്‍ശിച്ച സിപിഎം പിന്നീട് ബാലസംഘത്തെ ഉപയോഗിച്ച്
ശോഭായാത്രകളുടെ മാതൃകയില്‍ യാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തു.
തങ്ങള്‍ ഉയര്‍ത്തിയ രാഷ്ട്രീയവും ആശയവും എതിരാളികള്‍ പോലും ഏറ്റെടുത്തു എന്ന് ഇത് ചൂണ്ടിക്കാട്ടി പല സംഘപരിവാര്‍ നേതാക്കളും അഭിപ്രായ പെടുകയും ചെയ്തിരുന്നു. കണ്ണൂര്‍ പോലെ രാഷ്ട്രീയ അക്രമം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇരു കൂട്ടരും ശോഭായാത്രകള്‍ സംഘടിപ്പിച്ചതോടെ ശ്രീകൃഷ്ണജയന്തി ആഘോഷം കനത്ത പോലീസ് കാവലില്‍ നടത്തേണ്ട സാഹചര്യവും ഉണ്ടായി.
എന്നാല്‍, ഈ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും വികാരപരമായ പ്രതികരണങ്ങളാണെന്നും അവയും ഉള്‍ക്കൊള്ളുന്നുവെന്നുമാണ് ബാലഗോകുലം സംഘാടകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. നാലു കാര്യങ്ങള്‍ ഈ സംഭാവനയിലൂടെ ബാലഗോകുലം നേടി. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവന വിലക്കിയവരാണ് സംഘ പരിവാര്‍ എന്ന ആക്ഷേപം പറഞ്ഞവരെക്കൊണ്ട് ബാലഗോകുലത്തിന്റെ സേവനത്തെ പ്രശംസിപ്പിച്ചു.
ബാലഗോകുലം കുട്ടികളെ വഴി പിഴപ്പിക്കുന്നുവെന്ന് മുമ്പ് വിമര്‍ശിച്ചിട്ടുള്ള പിണറായി വിജയനെക്കൊണ്ട്, ലക്ഷക്കണക്കിന് പേര്‍ ലോകത്ത് പലയിടങ്ങളില്‍ ഇരുന്നുകാണുന്ന പരിപാടിയെന്ന് പറയുന്ന പത്രസമ്മേളനത്തില്‍ ബാലഗോകുലത്തിനെ പ്രശംസിപ്പിച്ചു.
സിപിഎമ്മിന്റെ പോഷക സംഘടനയായ ബാലസംഘത്തിനും വേനല്‍തുമ്പികള്‍ക്കുമൊന്നും കഴിയാത്ത കാര്യം ചെയ്യുന്നുവെന്ന് പ്രചരിപ്പിക്കാനായി.
ബാലഗോകുലം ഈ കൊറോണാ ലോക്ഡൗണ്‍ കാലത്തും സക്രിയമായി പ്രവര്‍ത്തിക്കുന്നുവെന്ന് ജനങ്ങളെ ധരിപ്പിക്കാനായി.
ഏറ്റവും പ്രധാനം, കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാര്‍ ചെലവിടുന്ന ഓരോ അണ-പൈസയും പ്രവര്‍ത്തകരുടേതുകൂടെയായതിനാല്‍ കണക്കു ചോദിക്കാനുള്ള ധാര്‍മിക അവകാശം കൂടി. അതേസമയം, ബാലഗോകുലം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മുമ്പ് സംഭാവന കൊടുത്തിട്ടുണ്ട്, ഇപ്പോഴും കൊടുത്തു. കേരളത്തിനു -പുറത്തുള്ള ഗോകുലങ്ങള്‍ വിഷുക്കൈനീട്ടം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കാണ് നല്‍കിയത്, അവര്‍ പറയുന്നു.
ബാലഗോകുലത്തിൻ്റെ നടപടിയെ എതിർത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട് പ്രതിഷേധിച്ചവർ അനവധിയാണ്.
പോസ്റ്റുകൾ ഇങ്ങനെ:
“BJP യിൽ CPM കാർ നുഴഞ്ഞ് കയറി ചുമതല വരെ പിടിച്ചെടുത്തു എന്നത് രഹസ്യമായ പരസ്യമായ കാര്യമാണ്. എന്നാൽ ബാലഗോകുലത്തിലും ആ അവസ്ഥ വന്നു എന്ന് പലരും പറഞ്ഞിട്ട് ഞാൻ വിശ്വസിച്ചിരുന്നില്ല – എന്നാൽ ഇന്നലെ കുട്ടികളുടെ വിഷു കൈ നീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവർ മുൻകൈ എടുത്ത് കൈമാറി എന്ന കാര്യം വളരെ ഞെട്ടലോടെ മാത്രമേ എനിക്ക് കേൾക്കാൻ കഴിയുന്നുള്ളു.
“കഴിഞ്ഞ പ്രാവശ്യം പ്രളയത്തിൻ്റെ പേരിൽ കിട്ടിയ ഫണ്ടുകൾ മുഖ്യമന്ത്രി വിനിയോഗിച്ച രീതി കണ്ടിട്ടും ബാലഗോകുലത്തിൻ്റെ ഈ ഭാരവാഹികൾ ഈ കാണിച്ചതിനെ ഒട്ടും അംഗീകരിക്കാൻ എനിക്ക് മനസ്സ് വരുന്നില്ല.
RSS എന്ന മഹത്തായ പ്രസ്ഥാനത്തിൻ്റെ പരിവാറിലെ ഒരു വിഭാഗമായ ബാലഗോകുലം ജനങ്ങൾക്ക് ഏറ്റവും നന്മ ചെയ്യുന്ന വേറൊരു പരിവാറായ സേവാ ഭാരതിക്ക് നൽകാതെ വെറും കക്കൽ മാത്രം നടപ്പാക്കുന്ന മുഖ്യമന്ത്രി പദ്ധതിക്ക് ഈ തുക നൽകാൻ തീരുമാനിച്ചവർക്കെതിരെ അന്വേഷണം നടത്തി അവരെ ഉടൻ ചുമതലയിൽ നിന്ന് നീക്കം ചെയ്യണമെന് ഉത്തരവാദപ്പെട്ടവരോട് പരസ്യമായി തന്നെ അപേക്ഷിക്കുന്നു.”
“കുട്ടികൾ വിഷുകൈനീട്ടം നൽകിയ തുക ബാലഗോകുലം ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് തീർത്തും തെറ്റാണ് ,എന്നാൽ ചില നേതാക്കൾ സോഷ്യൽ മീഡിയായിൽ അതിനെ ഒരു മഹാകാര്യമാക്കി ന്യായീകരിക്കുന്നുമുണ്ട് ,നാണക്കേട് എന്നല്ലാതെ എന്തു പറയാൻ .ഈ തുക പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നൽകുകയോ അല്ലങ്കിൽ സേവാഭാരതിയുടെ കിറ്റ് വിതരണത്തിനായോ നൽകിയിരുന്നെങ്കിൽ മാനം പോകില്ലായിരുന്നു ,നാട്ടുകാരോട് വിശദീകരണം പറയാൻ വാക്കുകളില്ല”
“എന്തായാലും ഇതൊരു കൂട്ടായ തീരുമാനം ആയിരിക്കാം. തെറ്റ് തന്നെ. ബാലഗോകുലത്തിന്റെ ഏറ്റവും പ്രധാന ആഘോഷമായ ശ്രീ കൃഷ്ണ ജയന്തി അലങ്കോലപ്പെടുത്തിവരുന്നവർ, മതപാഠശാല തടസ്സപ്പെടുത്തുന്നവർ, ക്ഷേത്രങ്ങളിൽ ശാഖ എടുക്കാൻ സമ്മതിക്കാത്തവർ, ശബരിമലയിൽ ഹിന്ദു ക്കളെ അവഹേളിച്ചു കൊണ്ട് കുത്സിതമാർഗ ത്തിലൂടെ സ്ത്രീ പ്രവേശനം നടത്തിയവർ, നൂറു കണക്കിന് സ്വയം സേവകരെ അരിഞ്ഞ് തള്ളിയവർ , ഹിന്ദുക്കൾക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നൽകാത്തവർ….. ഇതെല്ലാം മറന്ന് വെറും പബ്ലിസിറ്റിക്കായി കുട്ടികൾ നല്കിയ വിഷുക്കൈനീട്ടം അഴിമതി നിറഞ്ഞ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് വേദനാജനകവും പ്രതിഷേധാർഹവുമാണ്. ഹൃദയം പിളർക്കുന്ന നടപടി യായിപ്പോയി.
“എന്നാ പിന്നെ seva ഭാരതി പിരിച്ച് വിട്ടു സര്‍ക്കാര്‍ വിളിക്കുമ്പോള്‍ volunteer ആയി മാത്രം പോയാല്‍ പോരെ.
എന്നിങ്ങനെ അനന്തമായ പ്രതികരണങ്ങളാണ് സംഘ പരിവാറിൻ്റെയും ബാലഗോകുലത്തിൻ്റെയും സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.