മാനസീക സമ്മര്‍ദ്ദം; കൊറോണക്കെതിരേ പോരാടിയ അമേരിക്കന്‍ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ന്യൂയോർക് : കൊറോണ രോഗികളെ അഹോരാത്രം ചികിൽസിച്ചിരുന്ന അമേരിക്കന്‍ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ന്യൂയോര്‍ക്ക് പ്രീസ്‌ബൈറ്റേറിയന്‍ അലെന്‍ ഹോസ്പിറ്റലിലെ കൊറോണ അത്യാഹിത വിഭാഗത്തിലെ ഡോക്ടറായിരുന്ന ഡോ. ലോറെന ബ്രീനാണ് ആത്മഹത്യ ചെയ്തത്.

മകള്‍ക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നെന്നും എന്നാല്‍ തുടര്‍ച്ചയായി കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന അത്യാഹിത വിഭാഗത്തിലെ പ്രവർത്തനങ്ങൾ മകളെ വലിയ സമ്മര്‍ദത്തിലാക്കിയിരുന്നുവെന്നും ലോറെന ബ്രീനന്റെ പിതാവ് ഡോ. ഫിലിപ് സി ബ്രീന്‍ പറയുന്നത്.

അതേസമയം നിരന്തരം കൊറോണ രോഗികളെ ചികിത്സിക്കുന്നതിനു പിന്നാലെ ഡോ. ലോറെന ബ്രീനിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇവരെ വീട്ടിലേക്ക് ആശുപത്രി അധികൃതര്‍ അയച്ചു. എന്നാൽ ഒന്നര ആഴ്ചയ്ക്കുശേഷം വീണ്ടും ആശുപത്രിയിൽ ഇവർ തിരികെയെത്തിയെങ്കിലും അധികൃതര്‍ മടക്കി അയച്ചു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് രോഗികളെ സഹായിക്കാന്‍ സാധിക്കാതെ വന്നതോടെ അവര്‍ കൂടുതല്‍ വിഷമത്തിലായിരുന്നു.

പല രോഗികളും ആശുപത്രിക്ക് പുറത്ത് ആംബുലന്‍സില്‍ വെച്ച് ചികിത്സ ലഭിക്കാതെ മരിച്ചതിനെക്കുറിച്ചു ഡോക്ടർ വലിയ സങ്കടത്തിലായിരുന്നു. മൂന്ന് മണിക്കൂര്‍ വരെ കാത്തു നിന്നിട്ടും ചികിത്സലഭിക്കാതെ രോഗികള്‍ മരിച്ച സംഭവങ്ങളെ കുറിച്ചാണ് മകള്‍ അവസാനമായി പറഞ്ഞതെന്ന് ഡോ. ഫിലിപ് സി ബ്രീന്‍ പറഞ്ഞു.

കൊറോണയ്ക്കെതിരായുള്ള മുന്നണി പോരാളിയായിരുന്നു ലോറെന. സ്വന്തം ജോലി ആത്മാര്‍ഥമായി ചെയ്യാനാണ് അവള്‍ ശ്രമിച്ചത്. എന്നാല്‍ ആ രോഗം തന്നെ അവളുടെ ജീവനെടുത്തു’ എന്നാണ് പിതാവ് ഡോ. ഫിലിപ് സി ബ്രീന്‍ പ്രതികരിച്ചത്.