കോട്ടയം: കൊറോണ പ്രതിരോധത്തിന് കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ മൂന്നു ദിവസത്തേക്കുകൂടി തുടരും. ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിൻ്റെ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം.
നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. അവശ്യ സേവനങ്ങള്‍ക്കും അടിയന്തര യാത്രകള്‍ക്കും ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം, വിതരണം, വില്‍പ്പന എന്നിവയ്ക്കും മാത്രമാകും അനുമതിയുണ്ടാവുകയെന്ന് മന്ത്രി
തിലോത്തമന്‍ പറഞ്ഞു. ഹോട്ട്സ്പോട്ടുകളില്‍ ആശുപത്രികള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല. വാഹനയാത്ര നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് പരിശോധന ഏര്‍പ്പെടുത്തും.
രോഗം സ്ഥിരീകരിച്ചവരുടെ വീടുകള്‍ ഉള്‍പ്പെടുന്ന കണ്ടെയ്ന്‍മെന്‍റ് മേഖലയില്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി. ഈ മേഖലകളില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ കൊറോണ വിഭാഗത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ദിവസേന വീട്ടില്‍ പോയി വരുന്നതിനു പകരം നഗരത്തില്‍തന്നെ താമസിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തും.
പ്രതിരോധ മുന്‍കരുതലുകളുടെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണം. കഴുകി പുനരുപയോഗിക്കാവുന്ന തുണി മാസ്കുകളാണ് അഭികാമ്യം. ആവശ്യത്തിന് മാസ്കുകള്‍ തയ്യാറാക്കുന്നതിനായി ചില ഗ്രാമപഞ്ചായത്തുകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത്തരം പദ്ധതി നിര്‍ദേശങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കണം-മന്ത്രി നിര്‍ദേശിച്ചു.
എം.പിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ഡോ. എന്‍.ജയരാജ്, സി.കെ. ആശ, മാണി സി. കാപ്പന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഡോ. പി.ആര്‍. സോന, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.