റിയാദ്: കൊറോണയെത്തുടർന്ന് ലോകം ആശങ്കയിൽ നിൽക്കെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് രജിസ്ട്രേഷൻ സൗകര്യവുമായി സൗദി അറേബ്യ. മടക്കം എന്ന് അർത്ഥമുള്ള ഔദ എന്ന രജിസ്ട്രേഷൻ പോർട്ടലിലൂടെയാണ് നടപടികൾ. റീഎൻട്രി വീസ, ഫൈനൽ എക്സിറ്റ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സൗദി പ്രത്യേക ഫ്ളൈറ്റുകൾ ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തീരുമാനിച്ചിട്ടില്ലെന്നു സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിമാന സർവീസ് തുടങ്ങുന്നതോടെ മുൻഗണന അനുസരിച്ച് യാത്ര ചെയ്യാൻ സൗകര്യമൊരുക്കും. രാജ്യം കോവിഡ് മുക്തമാകുന്നതോടെ തിരിച്ചുവരാനും കഴിയുമെന്നും സൗദി അറിയിച്ചു. ഇപ്പോൾ വിദേശത്തുള്ളവരെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരേണ്ട എന്ന തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. ഇത് നിരവധി പ്രവാസികളേയും അവരുടെ കുടുംബങ്ങളേയുമാണ് ആശങ്കയിലാക്കുന്നത്.