ബംഗളൂരുവിലെ ജയിലില്‍ അഞ്ച് തടവുകാര്‍ക്ക് കൊറോണ

ബംഗളൂരു: ബംഗളൂരുവിലെ ജയിലില്‍ അഞ്ച് തടവുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയിലെ പാദരായണപുരയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 19-നാണ് പാദരായണപുരയില്‍ കലാപമുണ്ടായത്. കലാപത്തില്‍ പങ്കെടുത്തതായി സംശയിക്കുന്ന 149 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 82 പേരെ ബംഗളൂരുവിലെ വിവിധ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും 52 പേരെ രാമനഗര ജയിലിലേക്കും മാറ്റിയിരുന്നു.

ഇവരെ ജയിലിലെത്തിക്കുന്നതിന് മുമ്പ് രാമനഗര ജയിലുണ്ടായിരുന്ന 119 പ്രതികളെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നതായി മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പ്രതികരിച്ചു.

നഗരത്തിലെ ഹോട്ട് സ്പോട്ടുകളിലൊന്നായ പാദരായണപുരയില്‍ നിന്നുള്ളവരായതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരിലും കൊറോണ പരിശോധന നടത്തിയിരുന്നു. കൊറോണ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട ചിലരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള അധികൃതരുടെ നീക്കമാണ് പ്രദേശവാസികളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. പോലീസ് ചെക്ക് പോസ്റ്റുള്‍പ്പെടെ കലാപകാരികള്‍ തകര്‍ക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.