മഹാരാഷ്ട്രയിൽ പിടിവിട്ട് കൊറോണ: മുംബൈയിൽ 4,025 രോഗ ബാധിതർ

മുംബൈ: കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മഹാരാഷ്ട്രയിലെ സ്ഥിതിഗതികൾ ഗുരുതരമായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 778 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ.

മുംബൈയില്‍ മാത്രം വ്യാഴാഴ്ച്ച 522 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിലെ രോഗ ബാധിതരുടെ എണ്ണം 4,025ആയി. കൊറോണ രോഗവ്യാപനം ആരംഭിച്ച ശേഷം മുംബൈയിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 25 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ച ധാരാവിയിൽ രോഗികളുടെ എണ്ണം 213 ഉം മരണം 13 ആയി ഉയർന്നു.

മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ച് മരിച്ച 78.9 ശതമാനം പേരും 51-60 പ്രായപരിധിയില്‍ പെട്ടവരാണെന്നും അവര്‍ക്ക് അനുബന്ധ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. എന്നാൽ 840 പേർ രോഗമുക്തി നേടുകയും ചെയ്തു.

മഹാരാഷ്ട ക്യാബിനറ്റ് മന്ത്രിക്കും മുംബൈയിൽ കൊറോണ സ്ഥിരീകരിച്ചു. പേഴ്സണൽ സ്റ്റാഫിനു കൊറോണ പോസിറ്റീവായതോടെ എൻസിപി മന്ത്രി ജിതേന്ദ അവാഡ് നേരത്തെ നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.