ദുബായ്: ഗർഭിണിയായ തന്നെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലയാളിയായ പ്രവാസി യുവതിയുടെ പേരിൽ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു.
കൊറോണയുടെ പശ്ചാത്തലത്തില്‍ അന്തരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ നാട്ടിലെത്താന്‍ കഴിയാതെ വിഷമിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്ത നടപടികൾ ഇക്കാര്യത്തിലുണ്ടാകണമെന്ന് ഇൻകാസ് യൂത്ത് വിംഗ് എന്ന സംഘടന യുവതിയുടെ പേരിൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടു.
ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് മുയിപ്പോത്ത് സ്വദേശിനി ആതിര ഗീതാ ശ്രീധരനാണ് ഹർജി ഫയൽ ചെയ്തത്. ഏഴുമാസം ഗര്‍ഭിണിയായ ആതിര പ്രസവത്തിനായി നാട്ടിലേയ്ക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടക്കാണ് കൊറോണ പ്രതിസന്ധി മൂലം വിമാന സർവീസ് നിർത്തിവച്ചത്.
ഭർത്താവ് നിതിൻ ചന്ദ്രനോടൊപ്പം ദുബായിൽ താമസിക്കുന്ന ആതിര ജൂലൈ ആദ്യവാരം ഒരു കുഞ്ഞിന് ജന്മം നൽകാനിരിക്കുകയാണ്. പ്രസവം ഇവിടെ നടത്താൻ ചിലവ് ഏറെയാണ്. ആദ്യ പ്രസവം ആയതിനാൽ പരിചരണം ആവശ്യമാണ്. എന്നാൽ വിമാന സർവീസുകൾ ഇല്ലാത്തതിനാൽ മാതാപിതാക്കളെ പോലും ഇങ്ങോട്ടു കൊണ്ടുവരാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഏഴ് മാസം കഴിഞ്ഞാൽ ഗർഭിണികൾക്ക് വിമാന യാത്ര അനുവദനീയമല്ലാത്തതിനാൽ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണമെന്നാണ് ആതിരയുടെ ആവശ്യം.
തന്നെ പോലെ തന്നെ നിരവധി ഗർഭിണികൾ സമാന സാഹചര്യത്തിൽനാട്ടിലേക്ക് പോകാനുള്ള കാത്തിരിപ്പിലാണ്.
മേയ് മൂന്നിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുകയുള്ളൂവെന്നതിനാലാണ് ആതിര ഇൻകാസ് വഴി സുപ്രീം കോടതിയിൽ ഹര്‍ജി ഫയൽ ചെയ്തത്.
കഴിഞ്ഞ ദിവസം സൗദിയിലെ അല്‍ ഖസീം മേഖലയില്‍ നിന്നുള്ള നാല്പത്തിരണ്ടോളം നഴ്സുമാരും ഗര്‍ഭിണികളായവരും സോഷ്യല്‍ മീഡിയ വഴി തങ്ങളെ നാട്ടിലെത്തികണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് .ആവശ്യപെടുന്ന വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. വിഷയം ശ്രദ്ധയില്‍ പെട്ട ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.